എറണാകുളം: ജപ്‌തി ചെയ്‌ത വീടിന്‍റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തുകയറ്റി മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ താമസിക്കുന്ന വലിയ പറസിൽ അജേഷിന്‍റെ വീടാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്‌തി ചെയ്‌തത്. ഹൃദ്രോഗത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ജപ്‌തി നടപടികളുമായി ബാങ്ക് ജീവനക്കാർ വീട്ടിൽ എത്തുമ്പോൾ അജേഷിന്‍റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥർ വീടിന്‍റെ ജപ്‌തി നടപടികൾ പൂർത്തിയാക്കി കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ചുനിന്ന കുട്ടികളെ നാട്ടുകാർ ഇടപെട്ട് സഹായിക്കുകയായിരുന്നു.
നാട്ടുകാർ എംഎൽഎയെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും മറ്റ് ജനപ്രതിനിധികളുടെയും സഹായത്തോടെ വീടിൻ്റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചു.
ഒരു ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് അജേഷ് എടുത്തത്. ഇതിൻ്റെ പലിശ നാൽപതിനായിരം രൂപയായി. എന്നാൽ ഈ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ജപ്‌തിയുമായി ബാങ്ക് മുന്നോട്ട് പോകുകയായിരുന്നു. ബാങ്കിൻ്റെ നടപടി വളരെ മോശമായിപ്പോയെന്നും സുഖമില്ലാതെ ചികിത്സയിൽ കഴിയുന്ന കുടുംബനാഥന് പൈസ തിരിച്ച് അടക്കാനുള്ള സാവകാശം നൽകണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.
ALSO READ:പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ മുൻപേ അറിയിച്ചു : കോടിയേരി ബാലകൃഷ്‌ണൻ