എറണാകുളം: വയനാട് മുട്ടിൽ വില്ലേജിലെ മരം മുറി കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മരം മുറിച്ചത് റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെയെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. തങ്ങൾക്ക് മേൽ ആരോപിക്കുന്ന കുറ്റകൃത്യം നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം.
ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നേരത്തെ വനംവകുപ്പ് രജിസ്റ്റർ ചെയ്‌ത കേസിന്‍റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ALSO READ: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന