എറണാകുളം: ബി.ജെ.പിയുടെ നയങ്ങൾക്ക് കോൺഗ്രസിന് ബദലാകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്‍റെ ജയ്പൂർ റാലിയിൽ രാഹുൽ ഗാന്ധി തന്നെ ഇത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൃദു ഹിന്ദുത്വ നിലപാടാണ് തങ്ങളുടേതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു.
കോൺഗ്രസിനെ പണ്ടു നയിച്ച പലരും ഇന്ന് ബി.ജെ.പി നേതാക്കളാണ്. കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായിരിക്കുകയാണ്. ദേശീയ തലത്തിൽ മതനിരപേക്ഷ കാഴ്ചപാടുള്ള പാർട്ടികളെ യോജിപ്പിച്ചു നിർത്തുകയെന്ന ഉത്തരവാദിത്വമാണ് ഇടതുപക്ഷത്തിനുള്ളതെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാന പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സിൽവർ ലൈൻ പദ്ധതി എതിർക്കുന്നത് ഇതുകൊണ്ടാണ്.
കേന്ദ്ര തീരുമാനങ്ങളെ യു.ഡി.എഫ് പിന്തുണക്കുന്നു
തെറ്റായ പ്രചാരവേലകൾക്കൊപ്പം യു.ഡി.എഫും 'ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ച് നിൽക്കുന്നു. കേന്ദ്രത്തിന്‍റെ പല പദ്ധതികളും കേരളത്തിന് ലഭിക്കുന്നില്ല. റെയിൽവെ പദ്ധതികൾ ഇതിന് ഉദാഹരണമാണ്. ഇതിനെതിരെ യോജിച്ച പോരാട്ടത്തിന് പ്രതിപക്ഷം ഒരുക്കമല്ല. ഫലത്തിൽ കേന്ദ്ര തീരുമാനങ്ങളെ യു.ഡി.എഫ് പിന്തുണക്കുകയാണ്. നവമാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾ മാത്രം ശ്രദ്ധിച്ചാൽ വർഗീയ വികാരം ഉണ്ടാക്കുന്ന പോസ്റ്റുകളാണ് സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും പ്രചരിപ്പിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും.
Also Read: പരിഹാരമായില്ല, ചര്‍ച്ചയുടെ വിശദാംശം അറിയാം; സമരം ശക്തിപ്പെടുത്തി ഡോക്ടര്‍മാര്‍
ഈ നാട് നേടിയ നേട്ടങ്ങൾ വർഗ ഐക്യത്തിന്‍റെ ഭാഗമായി ഉണ്ടായതാണ്. ഇതിനെ തകർക്കാൻ പലരും ശ്രമിക്കുന്നു. അവർക്ക് യു.ഡി.എഫ് കൂട്ടുനിൽക്കുന്നു. വഖഫ് വിഷയത്തിൽ ലീഗിന്‍റെ നിലപാട് ഇത് വ്യക്തമാക്കുന്നുവെന്നും പിണറായി ചൂണ്ടികാണിച്ചു. മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു. മുസ്ലിം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ലീഗിൽ നിന്നു തന്നെ എതിർപ്പുയരും.
സംസ്ഥാനത്തിന്‍റെ വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യം
സ്വത്വ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതും സൂക്ഷിക്കണം. സംസ്ഥാനത്തിന്‍റെ വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യമാണ്. അതിനുതകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അതോടൊപ്പം അടിസ്ഥാന ജനവിഭാഗത്തിന്‍റെ ആവശ്യങ്ങൾ നടപ്പാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടന്നും പിണറായി വിജയൻ പറഞ്ഞു.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള പ്രമുഖർ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ പേരിലാണ് കളമശ്ശേരിയിൽ ജില്ലാ സമ്മേളന നഗരി ഒരുക്കിയത്.