എറണാകുളം: കണ്ണട, രേണുക, ബാഗ്‌ദാദ് തുടങ്ങി മലയാളി പാടിപ്പതിഞ്ഞ നിരവധി കവിതകൾ എഴുതിയ കവി മുരുകൻ കാട്ടാക്കട ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു...തന്‍റെ കവിതകൾ കേട്ടവർ ഫോൺ വിളിച്ചും കത്ത് അയച്ചും സമ്മാനിച്ച അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മുരുകൻ കാട്ടാക്കട...
' സ്ഥിരമായി വിളിക്കാറുള്ള ഒരു ആരാധകൻ. മിക്കവാറും ദിവസങ്ങളിൽ മാഷേ എന്ന് ആരംഭിച്ച് അയാളുടെ ഒരു ഫോൺ കോൾ വരിക പതിവാണ്. ഒരിക്കല്‍ തന്‍റെ കവിതകൾ മനപ്പാഠം പഠിച്ചതുപോലെ തന്നോട് തന്നെ ചൊല്ലി കേൾപ്പിക്കും. ഒരുപാടുനേരം സംസാരിക്കും. ഒരു ഇടവേളക്ക് ശേഷമാണ് ആ ആരാധകന്‍റെ ഫോൺ കോൾ വീണ്ടും എത്തുന്നത്. അമിത മദ്യപാനത്തിന് അടിമയായ അയാൾ ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞാണ് ഫോൺ വിളിക്കുന്നത്. മരണം കൊണ്ട് ഒരുപക്ഷേ സഹോദരിക്ക് നല്ലൊരു വിവാഹ ജീവിതം ലഭിക്കുമായിരിക്കും, അമ്മയും മറ്റു ബന്ധുക്കളും സുഖമായി ജീവിക്കുമായിരിക്കും. മരിക്കും മുമ്പ് മാഷിനോടൊന്ന് സംസാരിക്കണം എന്ന് തോന്നി. ഒരു മാരകരോഗം ഉണ്ട്. രക്ത സാമ്പിൾ പരിശോധിച്ചതിന്‍റെ ഫലം ഇന്ന് കയ്യിൽ ലഭിച്ചു. പുറത്തുപറയാൻ ആഗ്രഹിക്കാത്ത ഒരു രോഗത്തിന്‍റെ പിടിയിലാണെന്നും പറഞ്ഞ് തന്‍റെ ഒരു കവിത പാടിയ ശേഷം ഫോൺ കട്ട് ചെയ്‌തുവെന്നുമാണ് മുരുകൻ കാട്ടാക്കട പറയുന്നത്. മരണത്തിലേക്ക് കാലെടുത്തുവച്ച ആരാധകന്‍റെ ഓർമ്മകൾ എപ്പോഴും ഒരു വിങ്ങലായി ജീവിതത്തിൽ ഉണ്ടാവുമെന്ന് കവി പറയുന്നു.
കാല്‍ നൂറ്റാണ്ട് മുൻപ് കണ്ണട എന്ന കവിത ദൂരദർശനില്‍ സംപ്രേഷണം ചെയ്‌ത ശേഷം വന്ന ഫോൺ കോളിനെ കുറിച്ചും മുരുകൻ കാട്ടാക്കട പറയുന്നുണ്ട്. "മുരുകൻ കാട്ടാക്കട, ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം" എന്ന പേരിൽ ഒരു കത്ത് ലഭിക്കുന്നു. ഒരു രാഷ്ട്രീയ കൊലപാതകത്തിൽ ഏർപ്പെട്ട് ഏതോ ഉൾനാടൻ ഗ്രാമത്തിൽ ഇരുണ്ട ചുവരുകൾക്കുള്ളിൽ ജീവിച്ചു തീർക്കുന്ന ഒരാൾ അയച്ച കത്താണത്. അയാൾ കണ്ണട എന്ന കവിത കേൾക്കാനിടയായതും അതിന് ശേഷമുണ്ടായ മാനസാന്തരവുമാണ് കത്തിന് അടിസ്ഥാനം. ഞാനിനി ഒരു ഉറുമ്പിനെ പോലും നോവിക്കില്ല മാഷേ എന്നതായിരുന്നു ആ കത്തിലെ ഉള്ളടക്കം...
"മനുഷ്യനാകണം, മനുഷ്യനാകണം... ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം"... പാർട്ടി വേദികളില്‍ അടക്കം പാടി ഹിറ്റായ ഈ കവിത പുറത്തിറങ്ങിയത് മുതൽ ധാരാളം വധഭീഷണികൾ ലഭിച്ചതിനെ കുറിച്ചും മുരുകൻ കാട്ടാക്കട പറയുന്നുണ്ട്. ഒരു ഫോൺ കോൾ ഇങ്ങനെയായിരുന്നു. ' ശരീരത്തിലൂടെ എങ്ങനെ കമ്പി കയറ്റി ഇറക്കി നിനക്ക് മരണം സമ്മാനിക്കും'. ഫോൺ ചെയ്‌തയാളോട് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നിങ്ങളുടെ സ്വാതന്ത്ര്യം ഈ അക്ഷരങ്ങൾക്ക് ബദൽ എഴുതാൻ നിങ്ങളെ ആരും വിലക്കുന്നില്ലല്ലോ... എന്നുമൊക്കെ ചോദിച്ചെങ്കിലും ആ ഭീഷണിക്ക് മുന്നിൽ ഒന്നും വിലപ്പോയില്ലെന്നും മുരുകൻ കാട്ടാക്കട ഇടിവി ഭാരതിനോട് പറയുന്നുണ്ട്.