കൊച്ചി: കേരള ബാംബൂ ഫെസ്റ്റില്‍ ഏവരുടെയും ശ്രദ്ധയാകർഷിച്ച കലാകാരനാണ് കെ.വി മുരളി. മറ്റ് കലാകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി മുരളി സ്വയം നിർമിച്ച പുല്ലാങ്കുഴലാണ് വായിക്കുന്നത്.സംഗീതോപകരണം സ്വന്തമായി നിർമിച്ച് ഉപയോഗിക്കുന്ന അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് മുരളി.
പുല്ലാങ്കുഴൽ വായന ശാസ്ത്രീയമായി അഭ്യസിച്ച വ്യക്തിയാണ് തൃശ്ശൂർ മുനിപ്പാറ സ്വദേശിയായ കെ.വി മുരളി. സ്വരസ്ഥാനങ്ങളെല്ലാം കൃത്യമായ, നിലവാരമുള്ള പുല്ലാങ്കുഴൽ കിട്ടാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് പുല്ലാങ്കുഴൽ നിർമാണത്തിൽ ഒരു കൈ നോക്കാൻ മുരളി തീരുമാനിച്ചത്. ശാസ്ത്രീയമായ നിർമാണ രീതി പകർന്നു നൽകാൻ ആശാന്മാരില്ലാത്തത് വെല്ലുവിളിയായി സ്വീകരിച്ചാണ് മുരളി ഈ മേഖലയിലേക്ക് ഇറങ്ങിയത്. നിർമാണ രീതി അറിയാവുന്നവർ തന്നെ അറിവ് പങ്കുവെക്കാൻ വിമുഖത കാണിച്ചുവെന്നും മുരളി പറയുന്നു . പുല്ലാങ്കുഴൽ നിർമാണത്തിന്‍റെ ബാല പാഠങ്ങൾ മനസിലാക്കിയ ശേഷം നിർമാണത്തിൽ പരീക്ഷണം തുടങ്ങി. നിരവധി പരാജയങ്ങൾക്കൊടുവിൽ ഒന്നാന്തരം ഓടക്കുഴൽ തന്നെ മുരളി നിർമിച്ചെടുത്തു.
പിന്നീട് ഹിന്ദുസ്ഥാനി, കർണ്ണാട്ടിക്ക്, വെസ്റ്റേൺ രീതിയിലുള്ള നിരവധി പുല്ലാങ്കുഴലുകൾ നിർമിച്ചു. ഇതു തന്നെ ജീവിതോപാധിയായും സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിർമാണവും വില്‌പനയുമായി മുരളി ഈ രംഗത്ത് സജീവമാണ്. ഒരു വർഷത്തോളം വെയിൽ കൊള്ളാതെ ഉണക്കിയെടുക്കുന്ന മുള ഉപയോഗിച്ചാണ് പുല്ലാങ്കുഴൽ നിർമിക്കുന്നത്. ഒരു പുല്ലാങ്കുഴല്‍ നിർമ്മിക്കാൻ രണ്ട് മണിക്കൂർ സമയം വേണ്ടിവരും. ഇരുന്നൂറ് രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. കൂടുതൽ ആളുകൾ വാങ്ങട്ടെ എന്ന് കരുതിയാണ് ചെറിയ നിരക്കില്‍ പുല്ലാങ്കുഴല്‍ വില്‍ക്കുന്നതെന്ന് മുരളി പറയുന്നു.