കൊച്ചി: മുനമ്പം മനുഷ്യക്കടത്തിൽ ഇന്‍റര്‍പോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബോട്ടില്‍ പോയതായി കണ്ടെത്തിയ 100 പേരുടെ വിവരങ്ങൾ ഉൾപ്പടുത്തിയാണ് തിരച്ചില്‍ നോട്ടീസ്. 248 പേരാണ് ബോട്ടില്‍ പോയതെന്നാണ് സൂചന. മുനമ്പം മനുഷ്യക്കടത്തില്‍ ഉൾപ്പെട്ടവരെ കണ്ടെത്താൻ ശ്രമം.
മുനമ്പത്തെ സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യകടത്തെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിന്‍റെ അന്വേഷണം പരിതാപകരമാണെന്നും അതുകൊണ്ട് തന്നെ കേസിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനിടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുനമ്പത്ത് നിന്ന് പോയവരെ എങ്ങോട്ട് കൊണ്ട് പോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേരളം വിട്ടശേഷം ബന്ധുക്കളുമായി ബന്ധപ്പെടാൻ പോലും ഇവരെ അനുവദിക്കാത്തത് ദുരൂഹമാണെന്നും കോടതി പറഞ്ഞു. നിലവിൽ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം രാജ്യം വിട്ടവർ എങ്ങോട്ട് പോയി എന്നതിന് സൂചനകളുണ്ടന്ന് സർക്കാർ അറിയിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.
ബ്ലൂ നോട്ടീസിൽ സൂചിപ്പിക്കുന്ന കുറ്റവാളികൾ ഇന്‍റർപോളിന്‍റെ മറ്റൊരു അംഗരാജ്യത്ത് എത്തുമ്പോൾ രാജ്യത്ത് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരമുണ്ട്. ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബി എന്നീ ഔദ്യോഗിക ഭാഷകളിൽ പുറത്തിറക്കുന്ന നോട്ടീസുകളാണ് അംഗരാജ്യങ്ങൾക്ക് കൈമാറുന്നത്. അതിഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെക്കുറിച്ചും കാണാതായവര്‍, ഭീഷണി, ജയിൽ ചാട്ടങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കാണ് ഇന്‍റര്‍പോൾ നോട്ടീസ് നൽകുന്നത്.