എറണാകുളം: കൊവിഡ് കാലത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ് കേരള പൊലീസ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ വിദേശികൾക്ക് ഹെൽപ്പ് ഡെസ്‌ക്, പ്രായമായവർക്കും ക്യാൻസർ രോഗികൾക്കും ആശുപത്രിയിലേക്ക് സൗജന്യ യാത്രാസൗകര്യം, ടെലി മെഡിസിൻ തുടങ്ങിയ സംവിധാനങ്ങളുമായി സേനയെ കൂടുതൽ ജനകീയമാക്കുന്ന പ്രവർത്തനങ്ങളാണ് ലോക്ക് ഡൗണിൽ കൊച്ചി പൊലീസ് നടത്തിയത്. ഇതിനിടെയാണ് സഹപ്രവർത്തകർക്ക് മൾട്ടി പർപ്പസ് വെഹിക്കിളുമായി തൃപ്പൂണിത്തുറ ഒന്നാം സായുധ ബറ്റാലിയനിലെ പൊലീസുകാർ രംഗത്തെത്തിയത്. പഴയൊരു ഡോഗ് സ്ക്വാഡ് വാഹനം മൂന്ന് ദിവസം കൊണ്ട് മാറ്റം വരുത്തിയാണ് മൾട്ടിപർപ്പസ് വെഹിക്കിളാക്കിയത്. തെർമൽ സ്ക്രീനിങ് മുതൽ മുടി വെട്ടൽ വരെയുള്ള എല്ലാം സംവിധാനങ്ങളുമായാണ് ലോക്ക് ഡൗൺ കാലത്ത് ഈ വാഹനം കൊച്ചി സിറ്റിയിലെ പൊലീസുകാരെ തേടിയെത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിരത്തിൽ പൊരി വെയിലത്ത് സേവനമനുഷ്‌ഠിക്കുന്ന പൊലീസുകാർക്ക് രാവിലെയും വൈകിട്ടും ചായയും പലഹാരങ്ങളും എത്തിച്ച് നൽകിയും തെർമൽ സ്ക്രീനിങ് വഴി ശരീരോഷ്‌മാവ് പരിശോധിച്ചുമാണ് മൾട്ടി പർപ്പസ് വാഹനം സജീവമാകുന്നത്.
അതേസമയം ബാർബർ ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ മുടി വെട്ടാൻ കഴിയാത്ത പൊലീസുകാർക്ക് മുന്നിൽ ഹെയർ കട്ടിംഗ് സലൂണായും മൾട്ടി പർപ്പസ് വെഹിക്കിൾ മാറുകയാണ്. വാഹനത്തില്‍ കയറുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും കയ്യുറ ധരിക്കുകയും വേണം. പൂർണമായും അണുവിമുക്തമാക്കിയ കത്രികയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്ന മൊബൈൽ സലൂണിൽ നിന്ന് മുടിവെട്ടി, ഷേവ് ചെയ്ത് സുന്ദരൻമാരായി പൊലീസുകാർക്ക് മടങ്ങാം. ക്ഷീണമകറ്റാൻ ഗ്ലൂക്കോസോ, നാരങ്ങ വെള്ളമോ കുടിക്കുകയുമാവാം. പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള ആയുർവേദ ഇമ്മ്യൂൺ ചായയും ലഭ്യമാണ്. ചെലവഴിക്കുന്ന സമയമത്രയും കാറ്റ് കൊണ്ട് ടിവി കണ്ടിരിക്കാനും സൗകര്യമുണ്ട്. ഫീൽഡിലുളള വനിതാ പൊലീസുകാർക്ക് ക്ഷീണമകറ്റാൻ വേണമെങ്കിൽ അൽപ സമയം വിശ്രമിക്കാനും സൗകര്യമുണ്ട്. ഫസ്റ്റ് എയ്ഡ് ഉൾപ്പടെ അവശ്യ മരുന്നുകൾ, ഉച്ചഭാഷിണി, പിപിഇ കിറ്റ് എന്നിവയെല്ലാം ഈ വാഹനത്തെ അക്ഷരാർഥത്തിൽ മൾട്ടി പർപ്പസ് വെഹിക്കിളാക്കി മാറ്റുന്നു. ഡോ.വൈഭവ് സക്സേന ഐ.പി.എസ്. ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് മൾട്ടി പർപ്പസ് വെഹിക്കിൾ യാഥാർഥ്യമാക്കിയതെന്ന് എ.എസ്.ഐ മധു സി. ശേഖർ പറഞ്ഞു. ദിവസങ്ങളായി കൊച്ചിയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനം ലോക്ക് ഡൗൺ കാലത്ത് കർമനിരതരായ പൊലീസുകാർക്ക് വലിയൊരു ആശ്വാസമാണ്.