എറണാകുളം: മുളന്തുരുത്തി പള്ളിത്താഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്‌ടാക്കൾ പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (34), കോതമംഗലം സ്വദേശി വിവേക് ബിജു (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇടത്തല, ആലുവ ഈസ്റ്റ്, കുന്നത്തുനാട് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം അഞ്ചാം തീയതി വെളുപ്പിനാണ് മുളന്തുരുത്തിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മുളന്തുരുത്തി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മോഷണങ്ങളുയുടെയും വിവരങ്ങൾ പുറത്തുവരുന്നത്.
ഒക്ടോബറില്‍ കിഴക്കമ്പലം ഗ്ലോറിയ സ്റ്റുഡിയോയിലെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് ആറ് ലക്ഷം രൂപയുടെ മുതലുകൾ മോഷണം നടത്തിയതും ഇതേ പ്രതികളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ നിന്നും ക്യാമറയും പണവും കവർന്നതും ഇവര്‍ തന്നെയാണെന്നും പൊലീസ് കണ്ടെത്തി. ഈ കേസിൽ പ്രതിയായ ഷിജാസ് എം.എസ്.സി ബിരുദധാരിയും നിലവിൽ എംഫിൽ പഠിച്ചുകൊണ്ടിരിക്കുന്നയാളുമാണ്. മറ്റൊരു പ്രതിയായ വിവേക് ബിജു ജനസേവ ശിശുഭവനിൽ നിന്നാണ് പഠിച്ചത്.