എറണാകുളം: രാജ്യത്തെ ആറ് ലക്ഷത്തിലധികം വരുന്ന രജിസ്‌റ്റേര്‍ഡ് വഖഫ് സ്വത്ത് വകകളുടെ ജിയോ മാപ്പിങ് 2022 ഓടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 98 ശതമാനത്തിലധികം വഖഫ് സ്വത്തുക്കളുടെ ഡിജിറ്റല്‍വല്‍കരണം പൂര്‍ത്തിയാക്കി. കാണാതായ നിരവധി വഖഫ് സ്വത്തുക്കള്‍ ഡിജിറ്റല്‍വത്ക്കരണത്തിലൂടെയും ജിയോ മാപ്പിങിലൂടെയും വഖഫ് രേഖകളുടെ ഭാഗമാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കളില്‍ വികസനം നടത്തുന്നതിന് പ്രധാനമന്ത്രി ജന്‍വികാസ് പദ്ധതിക്ക് കീഴില്‍ 100 ശതമാനം ഫണ്ടിങ് കേന്ദ്ര ഗവണ്മെന്റ് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ കോളജുകള്‍ ഐടിഐകള്‍ പോളിടെക്‌നിക്കുകള്‍ ആശുപത്രികള്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിക്ക് കീഴില്‍ വരിക. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടി 18 ലക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സ്‌കോളര്‍ഷിപ് ലഭ്യമാക്കി. ഇതില്‍ 50 ശതമാനവും പെണ്‍കുട്ടികളായിരുന്നു. വരും വര്‍ഷങ്ങളില്‍ അഞ്ച് കോടി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൂടി സ്‌കോളര്‍ഷിപ് ആനുകൂല്യം നല്‍കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധരാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.