എറണാകുളം: നെല്ലിക്കുഴിയിൽനിന്ന് കല്യാണ ഓട്ടം പോയ കെ.എസ്.ആർ.ടി.സി ബസ് നിയമ വിരുദ്ധമായി അലങ്കരിച്ചതിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോതമംഗലം ജോയിന്‍റ് ആർ.ടി.ഒ ഷോയ് വർഗീസ് കെ.എസ്.ആർ.ടി.സി. കോതമംഗലം ഡിപ്പോയിൽ എത്തി ബസ് പരിശോധിച്ചാണ് കേസെടുത്തത്. ഡ്രൈവർ നെല്ലിക്കുഴി സ്വദേശി റഷീദിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
ബസിന്റെ മുൻഭാഗത്തെ ചില്ലിന്‍റെ ഇടതുവശത്ത് ഡ്രൈവറുടെ കാഴ്‌ച മറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങൾ. വശങ്ങളിലെ ചമയങ്ങൾ പുറത്തേക്ക് തള്ളിനിൽക്കും വിധത്തിലായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്‌ച മുൻകൂട്ടി ബുക്ക് ചെയ്‌ത പ്രകാരം കല്യാണ ഓട്ടത്തിന് പോയ കെ.എസ്.ആർ.ടി. ബസിലാണ് യുവാക്കൾ ചേർന്ന് സിനിമയും ലോകകപ്പ് ഫുട്ബോളും പ്രമേയമാക്കി അലങ്കാരം നടത്തിയത്.
'താമരാക്ഷൻ പിള്ള' യെന്ന് ബസിന് പേര് നൽകിയും പറക്കുംതളിക സിനിമയിലെ രംഗം ആവിഷ്‌കരിച്ച് വാഴയും തെങ്ങോലയും മരച്ചില്ലകളും കൊണ്ട് അലങ്കരിച്ചായിരുന്നു ബസിന്റെ വൈറൽ യാത്ര. നെല്ലിക്കുഴിയിൽ നിന്ന് ഞായറാഴ്‌ച രാവിലെയാണ് ബസ് പുറപ്പെട്ടത്. പുറപ്പെടും മുമ്പ് നെല്ലിക്കുഴി കവലയിലും കനാൽപ്പാലത്തും അർജന്‍റിന, ബ്രസീൽ ആരാധകരായ ഒരു സംഘം യുവാക്കൾ കൊടി തോരണങ്ങളേന്തി പ്രകടനം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് പറക്കുംതളിക... ഇതുമനുഷ്യരെ കറക്കുംതളികയെന്ന പാട്ടുംവച്ചായിരുന്നു ബസിന്‍റെ യാത്ര. സംഭവം ശ്രദ്ധയിൽ പെട്ടയുടനെ യാത്രയ്ക്കിടയിൽ തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി അലങ്കാരങ്ങൾ അഴിച്ചുമാറ്റിക്കുകയും ചെയ്‌തിരുന്നു.