എറണാകുളം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷിൻ്റെ മൊഴി. യു.എ.ഇ കോൺസുലേറ്റിൽ നിന്നും രാജി വെയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നതായും മൊഴിയിലുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ ഇ.ഡി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ആരോപണങ്ങളുള്ളത്.
ഒളിസങ്കേതമെന്ന് പറഞ്ഞ ഫ്ലാറ്റിലേക്ക് സ്പീക്കർ പലതവണ വിളിച്ചിരുന്നെങ്കിലും താൻ ഒറ്റയ്ക്ക് പോയിരുന്നില്ല. പോയപ്പോഴെല്ലാം ഭർത്താവും സരിത്തും ഒപ്പമുണ്ടായിരുന്നു. സ്പീക്കറുടെ ഇംഗിതങ്ങൾക്ക് വഴങ്ങാതായതോടെ മിഡിൽ ഈസ്റ്റ് കോളജിൻ്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ എം ശിവശങ്കറും, സിഎം രവീന്ദ്രനും, പുത്തലത്ത് ദിനേശനും ഉൾപ്പെട്ട ടീം സർക്കാരിൻ്റെ പല പദ്ധതികളും ബിനാമി പേരുകളിൽ തട്ടിയെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ.ഡി കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് പുതിയ വിവരങ്ങളുള്ളത്.
വിശദമായി രേഖപ്പെടുത്തിയ സ്വപ്നയുടെ മൊഴിയിലാണ് ശ്രീരാമകൃഷ്ണനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജി വയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്‌ന ഇ.ഡിക്ക് മൊഴി നൽകി. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ പദ്ധതിയിട്ടെന്നും ഒമാൻ മിഡിൽ ഈസ്റ്റ് കോളജിൻ്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ ശ്രീരാമകൃഷ്ണൻ നീക്കങ്ങൾ നടത്തിയിരുന്നുവെന്നും ആദ്യത്തെ റിപ്പോർട്ടിലുണ്ടായിരുന്നു.