അങ്കമാലി: മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്ത യുവാവിനെ വാഹനപരിശോധനക്കിടെ അങ്കമാലി പൊലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശി ജിത്തു (18) ആണ് പൊലീസ് പിടിയിലായത്. ഈ മാസം മൂന്നിന് നീണ്ടകര ഹാർബറിൽ ജോലിക്കെത്തിയ ജിത്തു നീണ്ടകര സ്വദേശിയായ അരുൺകുമാറിന്‍റെ ബൈക്കും മൊബൈലും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജിത്തുവും സുഹൃത്തും രാഹുൽ ദിലീപും ചേർന്നാണ് ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ചത്.
വാഹന പരിശോധനക്കിടെ ജിത്തുവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്ത് അറിഞ്ഞത്. അങ്കമാലി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയിയുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.