എറണാകുളം: മോന്‍സണ്‍ കേസിൽ (Monson Mavunkal Case) രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മോൻസൻ പൊലീസ് സഹായത്തോടെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുൻ ഡ്രൈവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മോൻസണെതിരെ ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും ഇയാൾക്ക് എങ്ങനെ വിദേശ യാത്ര നടത്താനായി എന്ന് കോടതി ചോദിച്ചു.
ഉരുണ്ട് കളിക്കരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി
എന്തുകൊണ്ട് വിദേശയാത്രയടക്കം തടയാൻ ഉദ്യോഗസ്ഥർക്കായില്ല. ലോക്‌നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൻസണിന്‍റെ വീട്ടിൽ പോയത് എന്തിനെന്നും കോടതി ആരാഞ്ഞു. ഒരു സ്ത്രീ ക്ഷണിച്ചതു പ്രകാരം രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൻസണിന്‍റെ വീട് സന്ദർശിച്ചുവെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
കൂടുതല്‍ വായനക്ക്: സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍റെ മടങ്ങി വരവ് വൈകും
മോൻസണിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം കത്ത് നൽകി എന്ന ആദ്യ സത്യവാങ്മൂലം തെറ്റല്ലേ എന്ന് കോടതി ചോദിച്ചു. കോടതിക്ക് നൽകിയ മൂന്ന് കത്തിൽ ഒന്ന് അനൗദ്യോഗിക നോട്ട് ഫയലാണെന്ന് സർക്കാർ വ്യക്തമാക്കി.
ഉരുണ്ട് കളിക്കരുതെന്നും സത്യവാങ്മൂലം വായിച്ച് നോക്കണമന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി പറഞ്ഞു. മോൻസണിനെതിരെ വിപുലമായ അന്വേഷണം വേണം. നിലവിലെ അന്വേഷണ നടപടികൾ കൃത്യമായി വീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇ.ഡിയെ കക്ഷി ചേർക്കാൻ കോടതി അനുമതി
ഏതെങ്കിലും പൊലീസുദ്യോഗസ്ഥരെ പ്രതി ചേർത്തോയെന്നും സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് പ്രതിയായില്ലെന്നും കോടതി ചോദിച്ചു. കോടതി നിർദ്ദേശപ്രകാരമുള്ള ഇന്‍റലിജൻസ് റിപ്പോർട്ട്, മോൻസൻ കേസിലെ കത്തുകൾ എന്നിവ മുദ്രവെച്ച കവറിൽ സർക്കാർ കോടതിയിൽ ഹാജരാക്കി.
മോൻസണ്‍ കേസിൽ ഇ.ഡിയെ കക്ഷി ചേർക്കാൻ കോടതി അനുമതി നൽകി. ഹർജി 19 ന് പരിഗണിക്കാനായി കോടതി മാറ്റി വെച്ചു.