എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം ചോദ്യം ചെയ്തുള്ള ഹർജി എം ശിവശങ്കർ പിൻവലിച്ചു. കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി അനുവദിച്ചു. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങാതെ തനിക്കെതിരെ സമര്‍പ്പിച്ച ഇഡിയുടെ കുറ്റപത്രം അപൂര്‍ണ്ണമാണെന്നും അത് നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ വാദം.
ഇഡി കേസില്‍ കഴിഞ്ഞ ദിവസം ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഡോളർ കടത്ത് കേസിൽ എം.ശിവശങ്കർ അടുത്തമാസം ഒമ്പത് വരെ റിമാൻഡിലാണ്. ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഫെബ്രുവരി ഒന്നിനാണ് വിചാരണ കോടതി പരിഗണിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി റബിൻസ് ഹമീദിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് എസിജെഎം കോടതി റിമാന്‍ഡ് ചെയ്തു.