എറണാകുളം: ആരോപണ വിധേയനായ സി.ഐയെ സസ്പെൻഡ് (CI Sudheer suspend) ചെയ്യുന്നതില്‍ കുറഞ്ഞ് മറ്റൊന്നും സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ്. മൊഫിയ പര്‍വീന്‍റെ ആത്മഹത്യയില്‍ (Mofia Parvin death) കാരണക്കാരൻ എന്ന് ആരോപിക്കുന്ന സി.ഐയെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയാണ് അധികൃതര്‍ ചെയ്തത്.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് എം.പി ബെന്നി ബഹന്നാനും എം.എല്‍.എ അൻവര്‍ സാദത്തും ഇന്നലെ പകല്‍ പത്തുമണി മുതല്‍ തുടങ്ങിയ കുത്തിയിരിപ്പ് സമരം അര്‍ധ രാത്രിയും കഴിഞ്ഞ് ഇന്ന് പകലും തുടരുകയാണ് (Congress stages sit-in). സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് തങ്ങളുടെ ആവശ്യം പൊലീസ് നിരാകരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
More read: Mofiya's Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം
സമരം ചെയ്യുന്ന ജനപ്രതിനിധികളോട് പൊലീസ് ധാർഷ്‌ട്യം കാണിക്കുകയാണ്. കൊലയാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരായ പോരാട്ടം തുടരും. ആയിരകണക്കിന് പ്രവർത്തകരെ അണിനിരത്തി ആലുവ എസ്.പി. ഓഫിസിലേക്ക് വ്യാഴാഴ്ച മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ന്യായമായ ആവശ്യം നിരാകരിക്കുന്ന പൊലീസ് നടപടി ഏകപക്ഷീയമാണന്ന് ബെന്നി ബെഹനാൻ എം.പി ആരോപിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥൻമാർ വിവേകത്തോടെ പ്രവർത്തിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്തേക്ക് സി.ഐ എൽ സുധീറിനെ സ്ഥലം മാറ്റിയെന്ന് പൊലീസ് അറയിച്ചെങ്കിലും കുത്തിയിരിപ്പ് സമരം നടത്തുന്ന ജനപ്രതിനിധികൾ ഇത് അംഗീകരിച്ചില്ല.
ചൊവ്വാഴ്‌ചയാണ് മൊഫിയാ പർവീനെന്ന 21 കാരിയെ ആലുവയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം ഭർത്താവ് സുഹൈലും, ഭർത്താവിന്റെ മതാപിതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ യുവതി കുറിച്ചിരുന്നു.
കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
ഗാര്‍ഹിക പീഡന പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ സി.ഐ സുധീറിനെതിരെയും ആത്മഹത്യക്കുറിപ്പിൽ ആരോപണമുണ്ടായിരുന്നു. സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഡിവൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.