എറണാകുളം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്(Modi's visit). പ്രധാന റോഡുകൾ അടച്ചിടുന്നതോടെ നഗരത്തിന്‍റെ സമീപ പ്രദേശങ്ങളിലും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടാനാണ് സാധ്യത (Traffic Restrictions Kochi).
ടൂറിസം സീസണായതിനാൽ ദിനം പ്രതി നഗരത്തിൽ ആയിരക്കണക്കിന് സഞ്ചാരികളാണെത്തുന്നത്. ഗതാഗത നിയന്ത്രണം സഞ്ചാരികളെയും ബാധിക്കും. കൊച്ചി വാട്ടർ മെട്രോ, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എത്താനും കഴിയില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലും നാളെ പുലർച്ചെ മൂന്ന് മണിമുതൽ മുതൽ ഉച്ച വരെയുമാണ് ഗതാഗത നിയന്ത്രണം തുടരുക.
ഹൈക്കോടതി ജങ്ഷൻ, എം.ജി റോഡ്, രാജാജി റോഡ്, കലൂർ, കടവന്ത്ര, തേവര- മട്ടുമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി ഈസ്റ്റ്, സി.ഐ.എഫ്.ടി ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ച് വിടും. നഗരത്തിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. പശ്ചിമകൊച്ചി ഭാഗങ്ങളിൽ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്ക് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മൽ ജങ്ഷനിൽ നിന്ന് കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ മെഡിക്കൽ ട്രസ്റ്റിലേക്കും വളഞ്ഞമ്പലത്തുനിന്ന് ചിറ്റൂർ റോഡിലൂടെ ഷേണായീസ് തിയറ്റർ റോഡ് വഴി എം.ജി റോഡിൽ യു ടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോ ഡിലൂടെ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി പ്രവേശിക്കണം.
വൈപ്പിൻ ഭാഗത്തുനിന്നും കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം. ജനറൽ ആശുപത്രിയുടെ പ്രധാന കവാടം വഴി ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മുതൽ ആറ് വരെ വാഹന ഗതാഗതം അനുവദിക്കില്ല. നഗരത്തിലാകെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം നഗരം പൂർണമായും പൊലീസിന്‍റെ സംരക്ഷണ വലയത്തിലായിരിക്കും. നാളെ ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ മോദി സംബന്ധിക്കും. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലും നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമുണ്ട്.