എറണാകുളം: മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഹാർഡ് ഡിസ്‌കിൻ്റെ പാസ്‌വേർഡ് അറിയില്ലെന്നാണ് ഹോട്ടൽ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്. ദൃശ്യങ്ങൾ അടുത്ത ദിവസം വിശദമായി പരിശോധിയ്ക്കും.
പരിശോധന എക്‌സൈസ് അന്വേഷണത്തിന് പിന്നാലെ
തോപ്പുംപടിയിലെ ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ ഈ ഹോട്ടലിൽ ഡി.ജെ പാർട്ടിയ്ക്കിടെ മദ്യം വിളമ്പിയെന്ന ആരോപണത്തിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പാലാരിവട്ടം പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്.
അപകടത്തിൽപ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവറായ മാള സ്വദേശി അബ്‌ദുൽ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവർക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്‌തിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്‌ച ആശുപത്രി വിട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്‌തത്.
മൂന്ന് പേരുടെ ജീവനെടുത്ത അപകടം
നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേയ്ക്ക് പോകുകയായിരുന്ന മോഡലുകൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഗുരുതര പരിക്കുകളെ തുടര്‍ന്ന് ഞായറാഴ്‌ച രാത്രിയാണ് മരിച്ചത്.
Also Read: ബാലികയേയും ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്