എറണാകുളം: ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഇലക്ഷൻ സ്‌റ്റണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കേന്ദ്ര ഏജൻസിക്കെതിരെ ഇത്തരത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ല.
സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരപരിധിയിൽ വരുന്ന കാര്യത്തിൽ മാത്രമേ ജുഡീഷ്യൽ അന്വേഷണം നടത്താൻ കഴിയുകയുള്ളൂവെന്നും എം.എം ഹസൻ പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ പക്ഷപാതപരമായാണ് അന്വേഷണം നടത്തുന്നതെങ്കിൽ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കാത്തത് എന്തുക്കൊണ്ടാണ്.
ഏജൻസികളുടെ അന്വേഷണത്തെ കുറിച്ച് പാർട്ടി കമ്മിഷൻ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. അന്വേഷണങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നതിനാലാണ് ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. കിഫ്ബിയിൽ റെയ്ഡ് നടത്താൻ ആദായ നികുതി വകുപ്പിന് അവകാശമുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സി.പി.എം കോടതിയെ സമീപിച്ചത് തുടർ ഭരണം ഉറപ്പില്ലാത്തതിനാലാണ്.
അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ കരാറിനെ കുറിച്ച് അറിയില്ലന്നാണ് സർക്കാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തന്നതിന് പകരം, ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്നും എം.എം.ഹസൻ ചോദിച്ചു.