എറണാകുളം : പി.ടി.തോമസ് ഉൾപ്പടെയുള്ള എം.എൽ.എമാർക്കെതിരെ രൂക്ഷവിമർശനവുമായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്. നിയമമറിയാതെ പൊതുജനങ്ങളെ വിഡ്ഡിത്തം പറഞ്ഞ് പറ്റിക്കുകയാണ് എം.എൽ.എമാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സി.എസ്.ആർ ഫണ്ട് വകമാറ്റി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കിഴക്കമ്പലം പഞ്ചായത്തിൽ 13 കോടി രൂപ ബാക്കി വന്നത് അപരാധമായാണ് കാണുന്നത്. കടമെടുക്കുന്നത് ശരിയും കടമില്ലാതെ മിച്ചമായാൽ അത് അപരാധമാകുന്നതും എങ്ങനെയാണ്.
'ഫാക്‌ടറി നടത്തിപ്പിനെകുറിച്ച് എന്തറിയാം എം.എൽഎയ്‌ക്ക്'
വീഴ്‌ചയുണ്ടെങ്കിൽ അധികൃതര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല. കിറ്റെക്‌സ് കമ്പനി എട്ട് തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. നേരത്തെ 78 എന്നാണ് പറഞ്ഞത് ഇപ്പോൾ എട്ടായി.
എന്നാൽ നിയമ ലംഘനം എന്തെന്ന് പറയുന്നില്ല. എം.എൽ.എ തരംതാഴ്ന്ന രീതിയിൽ സംസാരിക്കുന്നു. ഫാക്‌ടറി നടത്തിപ്പിനെകുറിച്ച് എം.എൽഎയ്‌ക്ക് എന്തറിയാമെന്നും പി.ടി.തോമസിന്‍റെ പേര് പറയാതെ സാബു എം. ജേക്കബ് ചോദിച്ചു.
'13 കോടി മിച്ചം പിടിച്ചത് പഞ്ചായത്ത് രാജിനെതിര്'
അതേസമയം, കിറ്റെക്‌സ് കമ്പനിയിൽ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ എട്ട് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് പി.ടി.തോമസ് പറഞ്ഞു. പദ്ധതി വിഹിതത്തില്‍ 13 കോടി രൂപ കിഴക്കമ്പലം പഞ്ചായത്ത് മിച്ചം പിടിച്ചത് പഞ്ചായത്തീരാജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
സിംഗപ്പൂര്‍ മോഡല്‍ റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത് കിറ്റെക്‌സ് ഗ്രൂപ്പിന്‍റെ വിവിധ കമ്പനികളിലേക്ക് ആണ്. ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത് പാടം നികത്തിയാണ്. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും പി.ടി തോമസ് പറഞ്ഞു.
കിറ്റെക്‌സ് കമ്പനിയെകുറിച്ചുള്ള പരാതികൾ ചർച്ചചെയ്യുന്നതിനായി ജില്ല കലക്ടര്‍ ജാഫര്‍ മാലിക് വിളിച്ച യോഗത്തിലാണ് പി.ടി തോമസ് ഇക്കാര്യം പറഞ്ഞത്. കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ALSO READ: അനുഭവപരിചയം കരുത്തായി ; നിപ മൂന്നാം വരവില്‍ മികച്ച പ്രതിരോധമൊരുക്കി സംസ്ഥാനം