തിരുവനന്തപുരം : കളമശ്ശേരിയിൽ വൻ പൊട്ടിത്തെറി (Kalamassery Blast) ഉണ്ടായ സാഹചര്യത്തിൽ അടിയന്തര ചികിത്സ ഒരുക്കാനും അവധിയിലുള്ളവരോട് അടിയന്തരമായി തിരിച്ചെത്താനും ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി (Minister Veena George). ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. അവധിയിലുള്ള മുഴുവന്‍ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്തണം.
ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശവും നൽകി. കളമശേരി മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും അധിക ജീവനക്കാരുടെ സേവനവുമൊരുക്കാനും നിര്‍ദേശം ഉണ്ട്. കൂടാതെ ജില്ലയിലെ മറ്റ് ആശുപത്രികളിലും സൗകര്യമൊരുക്കാനും മന്ത്രി ആവശ്യപ്പെട്ടു. കളമശ്ശേരി നെസ്റ്റിന് സമീപം ഉള്ള കൺവെൻഷൻ സെന്‍ററിലാണ് പൊട്ടിത്തെറി നടന്നത്.
യഹോവ കൺവെൻഷൻ നടക്കുന്നതിനിടെയാണ് സംഭവം. പൊട്ടിത്തെറിയില്‍ ഒരാൾ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. മൂന്ന് തവണ ശക്തമായ സ്ഫോടനം ഉണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറഞ്ഞു. 2000 ത്തിലധികം പേർ ഉണ്ടായിരുന്ന ഹാളിന്‍റെ മധ്യഭാഗത്തായാണ് സ്‌ഫോടനം നടന്നത്.
പരിക്കേറ്റവരിൽ ഏഴുപേർ ഐസിയുവിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവസ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവരും എത്തിയിട്ടുണ്ട്.