എറണാകുളം : പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാർകോട്ടിക്ക് ജിഹാദ് ആരോപണത്തിനെതിരെ മന്ത്രി പി.രാജീവ്. സംസ്ഥാനത്തിന്‍റെ സവിശേഷതയായ മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്ന പ്രതികരണങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണെന്ന് പി.രാജീവ് പറഞ്ഞു.
പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും അതാത് വിഭാഗങ്ങളിൽ സ്വാധീനമുള്ള വ്യക്തികളും അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അത് ഏതെങ്കിലും തരത്തിൽ ആഘാതമുണ്ടാക്കുമോയെന്ന ജാഗ്രത ഉണ്ടാകണം.
Also Read: 'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍
നമ്മുടെ സമൂഹത്തിൽ എല്ലാ ജാതി-മത വിഭാഗങ്ങളും ഒരേപോലെ ജീവിക്കുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. അത് തകർക്കുന്നതിനുള്ള ശ്രമങ്ങൾ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും കേരളത്തിൽ നിലനിൽക്കുന്ന ഐക്യത്തിന്‍റെ ഭാഗമായി അതൊന്നും വിജയിച്ചിട്ടില്ല.
മയക്കുമരുന്ന് എല്ലാവരും ഒറ്റക്കെട്ടായി നേരിടേണ്ട വിപത്താണ്. യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുന്നു. അത് നാടാകെ സർക്കാറിനൊപ്പം നിന്ന് ഒറ്റക്കെട്ടായി നേരിടേണ്ട പ്രശ്‌നമാണ്.
നിയമപരമായും സാമൂഹിക അവബോധം സൃഷ്‌ടിച്ചും നേരിടേണ്ട വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.