എറണാകുളം: കോതമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്‍ മഴക്കാലമെത്തിയതോടെ ചോര്‍ന്നൊലിക്കുന്നു. നിര്‍മാണാരംഭിച്ച് ഒരു വര്‍ഷാകുന്നതേയുള്ളൂ ഈ കെട്ടിടം. താലൂക്കിലെ മുഴുവൻ ഓഫീസുകളും ഒറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്.
പുതിയ കെട്ടിടത്തിലേക്ക് ഓഫീസുകൾ ഒരാേന്നായി മാറ്റിയതോടെയാണ് നിർമാണത്തിലെ അപാകതകൾ വെളിവായത്. നീളം കൂടിയ കെട്ടിടമായതിനാല്‍ രണ്ട് ഭാഗങ്ങളായിട്ടാണ് നിർമാണം. ഈ കെട്ടിട ഭാഗങ്ങള്‍ക്കിടയിലെ വിടവ് അടക്കുന്നതിന് മുകൾ നിലയിൽ ഒരടി വീതിയിൽ തകരഷീറ്റാണുപയോഗിച്ചിരിക്കുന്നത്. ഇതുവഴി വരുന്ന വെള്ളം ഒന്നാം നിലയിലെ താലൂക്ക് ഓഫീസിന് മുന്നിലാണ് വീഴുന്നത്.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനായിരുന്നു നിർമാണത്തിന്‍റെ ചുമതല. പൊതുമരാമത്ത് വകുപ്പിന്‍റെ ഓഫീസും ഇവിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മുകൾനിലയിലെ സിമന്‍റ് പ്ലാസ്റ്ററുകൾ ഏത് നിമിഷവും പൊളിഞ്ഞ് പോരാവുന്ന സ്ഥിതിയിലാണ്. ചോർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചേക്കാം. ഇതിന് പുറമെ വൈദ്യുത സർക്ക്യൂട്ടുകൾ തകരാറിലാകാനും സാധ്യതകൾ ഏറെയാണ്. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും ഇതാണ് സ്ഥിതിയെങ്കില്‍ തുടര്‍ന്നങ്ങോട്ട് എങ്ങനെയായിരിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.