എറണാകുളം: എസ്‌എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി. ജസ്‌റ്റിസ് കെ.ബാബുവാണ് ഇടക്കാല ഉത്തരവിട്ടത്. നിശ്ചിത ഇടവേളകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.
കേസ് അന്വേഷണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതി നടപടി. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേസിൽ പ്രതിയാണ്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു.
തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്. ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. നിലവിലെ കേസ് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
2016ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ എടുത്തശേഷം കൂടിയ പലിശയ്‌ക്ക് എസ്‌എൻഡിപി സംഘങ്ങൾക്ക് മറിച്ച് നൽകി അധിക ലാഭമുണ്ടാക്കിയെന്ന പരാതിയാണ് കേസിനാധാരം.