എറണാകുളം: ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് മീര നായർ (Meera Nair). സത്യൻ അന്തിക്കാട് മലയാളിക്ക് സമ്മാനിച്ച മറ്റൊരു പ്രതിഭ. അഭിനയം മാത്രമല്ല നൃത്തവും സാഹിത്യവും ക്രിയാത്മക ലോകത്തിന് മാറ്റുകൂട്ടുന്നു. ഞാൻ പ്രകാശൻ, പുലിയാട്ടം, അച്ഛൻ ഒരു വാഴ വച്ചു രാജസേനൻ ചിത്രമായ ഞാനും പിന്നൊരു ഞാനും അങ്ങനെ നിരവധി ചിത്രങ്ങളിൽ മീര നായർ വേഷമിട്ടു. ചലച്ചിത്ര നടനായ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഉർവശിക്കൊപ്പം ഒരു സുപ്രധാന വേഷം മീര നായർ കൈകാര്യം ചെയ്യുന്നുണ്ട്.
സിനിമാഭിനയം ജീവിതത്തിൽ ആഗ്രഹിച്ചിരുന്ന ഒരു കാര്യമല്ലായിരുന്നു. എംബിഎ ബിരുദത്തിനു ശേഷം ചില കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്‌തു. 30 വയസ്സിനു ശേഷമാണ് സാഹിത്യ ലോകത്തേക്ക് കടന്നുവരുന്നത്. നൃത്തത്തിലും സാഹിത്യത്തിലും ചെറുപ്പകാലം മുതൽക്ക് തന്നെ അഭിനിവേശം ഉണ്ടായിരുന്നു. അത്തരം കല അഭിരുചികളാണ് സിനിമയിലേക്കുള്ള വഴി എളുപ്പമാക്കിയത്. സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ ആയിട്ട സാഹിത്യസൃഷ്‌ടികൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോൾ പുസ്‌തകരൂപത്തിൽ സൃഷ്‌ടികൾ പുറത്തിറക്കാൻ തീരുമാനമെടുത്തു. ആദ്യ പുസ്‌തകത്തിനു തന്നെ മ്യൂസ് ഇന്ത്യ യങ് റൈറ്റർ പുരസ്‌കാരം തേടിയെത്തി.
മീരാ നായർ രചിച്ച പോയട്രി വെൻഡിങ് മെഷീൻ എന്ന പുസ്‌തകം വളരെയധികം ശ്രദ്ധേയമാണ്. ഹാസ്യാത്മക രീതിയിലുള്ള കവിതകളാണ് പോയട്രി വെൻഡിങ് മെഷീനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മീര നായരുടെ രണ്ടാമത്തെ പുസ്‌തകം കൂടിയാണിത്. കവിതകളുടെ ആശയങ്ങൾ ഒരിക്കലും ഏകീകൃത സ്വഭാവമുള്ളതല്ല. എല്ലാ വൈകാരികതയും ആശയങ്ങളും കവിതയ്ക്ക് പാത്രം ആകാറുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് മീരാ നായരുടെ സൃഷ്‌ടികൾ. മലയാള ഭാഷ വഴങ്ങാത്തതിൽ ഒരല്‍പം സങ്കടം ഇല്ലാതെ ഇല്ല. എങ്കിലും ഭാഷ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാഹിത്യ ലോകവും സിനിമാലോകവും ബുദ്ധിയുടെ രണ്ടു തലങ്ങളിൽ ഉള്ള മേഖലകൾ അല്ല. രണ്ടു മേഖലയിലും പിടിച്ചു നിൽക്കണമെങ്കിൽ നല്ല ബുദ്ധി വേണം. സാഹിത്യത്തിന് നല്ല ബൗദ്ധിക തലവും സിനിമയ്ക്ക് കുറഞ്ഞ ബൗദ്ധിക തലവും മതി എന്നുള്ളത് മിഥ്യധാരണയാണ്. ആയതിനാൽ സിനിമയിൽ അഭിനയിക്കുന്നതിന് സൗന്ദര്യം മാത്രം ഒരു ഘടകമല്ല. സംവിധായകൻ രാജസേനൻ സ്ത്രീ വേഷത്തിൽ അഭിനയിച്ച ഞാനും പിന്നെ ഒരു ഞാനും എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്‌തിരുന്നു.
സ്ത്രീ വേഷത്തിലെ രാജസേനനോടൊപ്പം അഭിനയിക്കുന്ന പല രംഗങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസ്യ പാത്രങ്ങൾ ആയിട്ടുണ്ട്. സിനിമ പൂർണമായും കാണാത്തതുകൊണ്ട് സംഭവിക്കുന്നതാണ് അങ്ങനെയൊക്കെ. രാജസേനൻ മികച്ച ഒരു അഭിനേതാവ് തന്നെയാണ്. സിനിമ പൂർണ്ണമായി കാണുകയാണെങ്കിൽ ആ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെ പരിഹസിക്കേണ്ട യാതൊരു കാര്യവും ഉണ്ടാകില്ല. കഥാപാത്രങ്ങൾക്കായി കാത്തിരിക്കാറില്ല. കിട്ടുന്ന വേഷങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
മുപ്പതാം വയസ്സിൽ സാഹിത്യ ലോകത്തേക്ക് കടന്നു വന്നു. 36 ആം വയസ്സിൽ സിനിമയുടെ ലോകത്തേക്കും. പ്രായം പുറത്തു പറയുന്നതിന് മടിയൊന്നുമില്ല. 41 തികയുന്നു. തന്‍റെ രണ്ടു മക്കൾ തന്നെയാണ് ഏറ്റവും വലിയ വിമർശകർ. വിവരസാങ്കേതിക വിദ്യയുടെ നവീനലോകം ഇപ്പോഴത്തെ കുട്ടികളുടെ വിരൽത്തുമ്പിൽ ആണ്. അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങൾക്കും കാഴ്‌ചപ്പാടുകൾക്കും മൂല്യം കൂടുതലാണ്. മക്കളുടെ അഭിപ്രായങ്ങൾ അതുകൊണ്ടുതന്നെ ഉൾക്കൊള്ളാറുണ്ട്. സാഹിത്യത്തിന്‍റെയും സിനിമയുടെയും ലോകത്തുതന്നെ തുടരാൻ തന്നെയാണ് തീരുമാനം.