എറണാകുളം : മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും. കേന്ദ്ര സർക്കാര്‍ വിലക്കിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. വിലക്ക് നീക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.
സംപ്രേഷണ വിലക്കിനെതിരായ ഹർജികളിൽ ഹൈക്കോടതി നേരത്തേ വാദം കേട്ടിരുന്നു. മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്കിൽ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായെന്നായിരുന്നു സുപ്രീം കോടതി മുൻ ഉത്തരവുകൾ ഉദ്ധരിച്ച് ഹർജിക്കാർ വാദിച്ചത്.
ഇത് ഭരണഘടനാപരമായ പ്രശ്‌നമാണ്. കേന്ദ്ര നടപടി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകണമെന്നും മീഡിയ വണ്ണിന്‍റെ അഭിഭാഷകന്‍ വാദമുയര്‍ത്തിയിരുന്നു. ദേശീയ സുരക്ഷയുടെ പേരിൽ ജുഡീഷ്യൽ പരിശോധന തടയരുത്. അഞ്ച് തവണ മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ സംപ്രേഷണം തടയാൻ പാടുള്ളൂവെന്നും മീഡിയ വണ്‍ വാദമുയര്‍ത്തി. എന്നാൽ കേന്ദ്ര സർക്കാർ മുദ്രവെച്ച കവറിൽ നൽകിയ വിവരങ്ങൾ ഉൾപ്പടെ പരിശോധിച്ച് ഹൈക്കോടതി മീഡിയവൺ ചാനലിന്റെ ഹർജി തളളുകയായിരുന്നു.
നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന ഹർജിക്കാരുടെ വാദം കേന്ദ്ര സർക്കാർ തള്ളിയിരുന്നു.ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ജനുവരി 31നാണ് കേന്ദ്ര സർക്കാർ ചാനലിന് പ്രവർത്തനാനുമതി നിഷേധിച്ചത്.