എറണാകുളം: ആദ്യമായി അക്ഷരമുറ്റത്തെത്തുന്നതിന്‍റെ ആശങ്കയും പ്രവേശനോത്സവത്തിന്‍റെ കൗതുകവുമായി കൊച്ചുകുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ സ്‌കൂളുകളിലെത്തി. വര്‍ണ കടലാസിലുണ്ടാക്കിയ തൊപ്പിയണിഞ്ഞ് മാതാപിതാക്കളുടെ കൈപിടിച്ച് കൗതുകത്തോടെയാണ് കുരുന്നുകള്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. വിദ്യാലയത്തിലേക്ക് ആദ്യമായെത്തിയ കുഞ്ഞുങ്ങളേയും രണ്ടുമാസത്തെ മധ്യവേനലവധി കഴിഞ്ഞെത്തിയവരേയും സ്വീകരിക്കാന്‍ വര്‍ണാഭമായാണ് സ്‌കൂള്‍ ഒരുങ്ങിയത്.
പ്രവേശനോത്സവം ഗംഭീരമാക്കി: പ്രവേശനോത്സവത്തില്‍ ചെണ്ടമേളത്തിന്‍റെ അകമ്പടിയുമുണ്ടായിരുന്നു. വിദ്യാലയം മുഴുവന്‍ വര്‍ണക്കടലാസുകള്‍കൊണ്ട് ഉണ്ടാക്കിയ പൂക്കളും കുരുത്തോലകളും കൊണ്ട് മനോഹരമായിരുന്നു. ഒപ്പം കുരുന്നുകളെ സ്വീകരിക്കാന്‍ പൂച്ചയുടേയും കരടിയുടേയും തത്തമ്മയുടേയും വേഷമണിഞ്ഞ് കൂട്ടുകാരും. മഴമാറിനിന്ന തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവം കൂടുതല്‍ മനോഹരമാക്കിയിരുന്നു. കളികളിൽ മാത്രമൊതുങ്ങിയ അവധിക്കാലത്തിന്‍റെ ആവേശത്തിൽ നിന്നാണ് പഠനമുറികളിലേക്ക് ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെത്തിയത്.
സര്‍ക്കാര്‍ സ്‌കൂളിനെക്കുറിച്ച് വാചാലനായി മേയര്‍: എറണാകുളം സൗത്ത് ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ഗേൾസ് സ്‌കൂളിലെ പ്രവേശനോത്സവം കൊച്ചി നഗരത്തിന് തന്നെ ഒരു ആഘോഷമാണെന്ന് മേയർ പറഞ്ഞു. സ്‌കൂളിന്‍റെ വികസനത്തിന് വേണ്ടി കൊച്ചിയിലെ ജനപ്രതിനിധികളെല്ലാം ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നല്ല കെട്ടിടങ്ങളും, ശുചി മുറികളുമാണുള്ളത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പുസ്‌തകങ്ങളെല്ലാം കുട്ടികൾക്ക് ലഭിച്ചു. ഉച്ച ഭക്ഷണത്തിന് പുറമെ ഗേൾസ് സ്‌കൂളിൽ എംഎൽഎയുടേയും, കോർപറേഷന്‍റേയും നേതൃത്വത്തിൽ പ്രഭാത ഭക്ഷണവും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എൽപി വിഭാഗത്തിനായി പുതിയ കെട്ടിടവും, സ്‌കൂൾ ലാബും ഗേൾസ് സ്‌കൂളിൽ ഉടനെ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു. സർക്കാർ സ്‌കൂളുകളിൽ നടക്കുന്ന പ്രവേശനോത്സവം മലയാളികൾക്ക് അഭിമാനമാണെന്നും മേയർ കൂട്ടിച്ചേര്‍ത്തു.
മാലിന്യവിമുക്തമായ നാളെയെ സൃഷ്‌ടിക്കാനുളള പ്രവർത്തനത്തിന്‍റെ ഭാഗമായി കുട്ടികളിൽ നിന്ന് തന്നെ ബോധവത്‌കരണം തുടങ്ങുകയാണ്. കുട്ടികൾക്ക് മേയർ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഹൈബി ഈഡൻ എംപി ചൊല്ലിക്കൊടുത്തു. സ്വാഗത നൃത്തത്തോടെയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ ആവേശത്തില്‍: രണ്ടാം ക്ലാസുകാരിയായ അഭിഗേയി സ്‌കൂൾ വീണ്ടും തുറന്നതിന്‍റെ ആവേശത്തിലായിരുന്നു. ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭക്തി ഗാനമാണ് അഭിഗേയി ആലപിച്ചത്. അതേസമയം ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ സഹോദരൻ അദ്‌വിൻ തൊട്ടടുത്ത ബെഞ്ചിൽ ഇരിക്കുകയായിരുന്നു. പ്രിയപ്പെട്ട മാതാപിതാക്കളെ പിരിഞ്ഞ് സ്‌കൂളിലെത്തിയതിന്‍റെ പരിഭവത്തിലായിരുന്നു കുഞ്ഞനുജൻ. ഗൗരവത്തിലിരിക്കുന്ന സഹോദരന്‍റെ അടുത്തെത്തി ഒരു കൂടപ്പിറപ്പിന്‍റെ വാത്സല്യത്തോടെ അഭിഗേയ് ആശ്വസിപ്പിച്ചു.
കെട്ടിപ്പിടിച്ച് കൂടെ നിർത്തി സംസാരിച്ച് അദ്‌വിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തേങ്ങിക്കരഞ്ഞ കുഞ്ഞനുജനെ സ്വന്തം മടിയിലിരുത്തി ആശ്വസിപ്പിക്കുന്നത് നിഷ്‌ക്കളങ്കമായ സ്നേഹവായ്‌പ്പിന്‍റെ കാഴ്‌ചകൂടിയായിരുന്നു. ഒന്നാം ക്ലാസുകാരി നിലാമഴയും രണ്ടാം ക്ലാസുകാരി ശ്രാവണിയും പാട്ടുപാടി പ്രവേശനോത്സവത്തിന്‍റെ ആഹ്ളാദം പങ്കിട്ടു. ഇതര സംസ്ഥാനക്കാരായ കുട്ടികളും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയവരിൽ ഉൾപ്പെടുന്നു. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരുന്നു കുട്ടികളെ സ്വീകരിക്കാർ സ്‌കൂൾ അലങ്കരിച്ചത്. പ്ലാസ്‌റ്റിക്കിന് പകരം മാവിലയും കുരുത്തോലയുമൊക്കെയാണ് അലങ്കാര വസ്‌തുക്കളാക്കിയത്.