എറണാകുളം: കൊച്ചി എംജി റോഡിലെ വെള്ളക്കെട്ടിന് കാരണം കെഎംആർഎല്‍ (Kochi Metro Rail Ltd) ആണെന്ന് മേയര്‍ എം അനില്‍ കുമാര്‍. മെട്രോയ്ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മിച്ച കാനയാണ് വെള്ളക്കെട്ടിന് കാരണമെന്ന് മേയര്‍ ആരോപിച്ചു. റോഡിൽ നിന്നും താഴ്ന്ന നിലയിലുള്ള കാനയ്ക്ക് മുകളിൽ കെഎംആർഎൽ സ്ഥാപിച്ച രണ്ട് സ്ലാബുകള്‍ കാനയുടെ വലിപ്പം കുറയാന്‍ കാരണമായി.
വിഷയത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനായി പിഡബ്ല്യുഡി, കെഎംആർഎൽ, സ്‌മാര്‍ട്ട് സിറ്റി, ഇറിഗേഷൻ ഉൾപ്പടെയുള്ള ഏജന്‍സികളുടെ സംയുക്ത കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിക്ക് മുന്നിലാണ് കോര്‍പ്പറേഷന്‍ പരാതി അവതരിപ്പിച്ചത്. നിലവില്‍ എംജി റോഡിൽ പൂർണമായും കാന പൊളിച്ച് പണിയേണ്ട സാഹചര്യമാണുള്ളത്. എല്ലാ വർഷവും കാന ശുചീകരിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റി നിര്‍മിക്കണമെന്നാണ് കോര്‍പ്പറേഷന്‍റെ ആവശ്യമെന്നും മേയര്‍ വ്യക്തമാക്കി.
എംജി റോഡിലെ വെള്ളക്കെട്ടിന് കാരണക്കാരായ വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ആവശ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഓണക്കാലമായതിനാലാണ് ആ സമയത്ത് കർശന നടപടി സ്വീകരിക്കാതിരുന്നത്. എന്നാല്‍ അതിന് അനുസരിച്ചുള്ള പ്രതികരണമല്ല ഹോട്ടൽ വ്യാപാരികളിൽ നിന്നുണ്ടായതെന്നും മേയർ പറഞ്ഞു.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി: കൊച്ചിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. മാലിന്യ വിഷയത്തിൽ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തും. മാലിന്യം പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.