എറണാകുളം: ജനതാദൾ എസിന്‍റെ സംസ്ഥാന പ്രസിഡന്‍റെ സ്ഥാനത്ത് നിന്ന് മാത്യു ടി.തോമസിനെ നീക്കം ചെയ്‌തതായി സി.കെ.നാണു വിഭാഗം. പാർട്ടി പ്രതിസന്ധിയിലായഘട്ടത്തിൽ കൂടെ നിൽക്കാത്ത മാത്യു ടി തോമസിന്‍റെയും കൃഷ്ണൻ കുട്ടിയുടെയും നിലപാട് സങ്കടകരമാണന്നും ജനതാദൾ എസ് സി.കെ നാണു വിഭാഗം ദേശീയ പ്രസിഡന്‍റ് സി.കെ.നാണു പറഞ്ഞു. ജനതാദൾ എസ് പ്രതിനിധികളായി കൃഷ്ണൻ കുട്ടിയെയും , മാത്യു ടി.തോമസിനെയും എൽ ഡി എഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന് കത്ത് നൽകുമെന്നും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം മന്ത്രി കൃഷ്ണൻ കുട്ടിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി പറയാൻ കഴിയില്ലന്ന നിലപാടായിരുന്നു സി.കെ നാണു സ്വീകരിച്ചത്. ഈ സമയത്ത് ഉചിതമായ നിലപാട് സ്വീകരിക്കേണ്ടത് അവർ തന്നെയാണ്. കൃഷ്ണൻ കുട്ടിയും, മാത്യു ടി തോമസും തങ്ങളോടൊപ്പമില്ലന്ന് പരസ്യമായി പ്രഖാപിച്ചിരിക്കുകയാണ്. അവർ രണ്ടു പേരും തങ്ങളോടൊപ്പം സഹകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അധികാരം സംരക്ഷിക്കാനുള്ള നിലപാട് സ്വീകരിച്ചത് ശരിയാണോയെന്ന് അവർ പരിശോധിക്കട്ടെയെന്നും സി.കെ.നാണു പറഞ്ഞു.
ജെ.ഡി.എസ് സംസ്ഥാന ഘടകം തങ്ങളാണ് . കൃഷ്ണൻ കുട്ടിയെ മന്ത്രി സ്ഥാനത്ത് നിലനിർത്തണമോയെന്ന് തീരുമാനിക്കേണ്ടത് ഇടതു മുന്നണിയാണ്. ജനാധിപത്യത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. എന്നാൽ പരാജയത്തിന്‍റെ പേരിൽ ഇതുവരെ തുടർന്നു നിലപാടിൽ നിന്ന് പിന്നോട് പോകാൻ കഴിയില്ല. പതിനാറ് സംസ്ഥാനങ്ങളുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് സി.കെ.നാണു അവകാശപ്പെട്ടു. ജനതാദൾ എസിന്‍റെ പതാകയും ഓഫീസും ഉപയോഗിക്കാൻ കഴിയുക തങ്ങൾക്ക് മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനെ സമീപിച്ചതായും സി.കെ. നാണു വിഭാഗം അറിയിച്ചു.
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന കൺവെർഷന്‍റെ ഭാഗമായാണ് കൊച്ചി യുൾപ്പടെ മൂന്ന് മേഖലകളിൽ ജില്ലാ പ്രസിഡന്‍റുമാരെയും പ്രധാന നേതാക്കളെയും സംഘടിപ്പിച്ച് ആലോചന യോഗം ചേർന്നത്.