കൊച്ചി: മരടിലെ ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ബോബൻ നെടുംപറമ്പിൽ. അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റിന് അടക്കം അഴിമതിയില്‍ പങ്കുണ്ടെന്നും ബോബന്‍ ആരോപിച്ചു. അന്നത്തെ പ്രസിഡന്‍റ് കെ എ ദേവസ്യക്ക് ഈ വിഷയം മുൻനിർത്തി പരാതി കൊടുത്തിരുന്നു. എന്നാൽ ആ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പരാതി കീറിക്കളഞ്ഞ് ഭീഷണിപ്പെടുത്തി. അന്ന് ഇതിനെക്കുറിച്ച് അന്വേഷിച്ച് നിയമലംഘനം പുറത്ത് കൊണ്ട് വന്നിരുന്നെങ്കിൽ ഇത്തരത്തിൽ 360 കുടുംബങ്ങളെ തെരുവിൽ ഇറക്കുന്ന നിലപാട് സ്വീകരിക്കേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നെന്നും ബോബി ഇ ടി വി ഭാരതിനോട് പറഞ്ഞു.
പാവപ്പെട്ടവർക്കും പണമുള്ളവര്‍ക്കും വ്യത്യസ്ഥമായ നിയമമാണ് മരട് നഗരസഭയിലും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉള്ളതെന്നും മരട് നഗരസഭ വൈസ് ചെയർമാൻ പറഞ്ഞു. മുൻ നഗരസഭ ചെയർമാന്റെ കാലത്താണ് കെട്ടിടനമ്പർ നൽകിയതെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം തെറ്റാണ്. 2010 ൽ കെ എ ദേവസ്യ മാധ്യമപ്രവർത്തകർക്ക് നൽകിയ വാർത്താകുറിപ്പിൽ കെട്ടിട നമ്പർ നൽകിയതായി പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ തന്നെ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവര്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അഴിമതി മൂടിവയ്ക്കുന്നതിനായുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ബോബന്‍ നെടുംപറമ്പില്‍ ആരോപിച്ചു.