കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ ഫ്ലാറ്റ് ഉടമകൾ ധർണയിലേക്ക്. നാളെ രാവിലെ 10 മുതൽ 12 വരെ മരട് നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്താനാണ് മരട് ഭവന സംരക്ഷണ സമിതിയുടെ തീരുമാനം. സമിതി ചെയർമാൻ അഡ്വ എം ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന ധർണ മുൻ എം പി ഡോ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. എം സ്വരാജ് എംഎൽഎ, കെ ബാബു തുടങ്ങിയവർ പങ്കെടുക്കും.
സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ഉടമകൾ സമർപ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും തുറന്ന കോടതിയിൽ വാദം കേൾക്കാതെ തള്ളിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നാൽ നിരവധി കുടുംബങ്ങളാണ് തെരുവിലാകുന്നത്. സർക്കാർ സംരക്ഷണം നൽകണമെന്നും തങ്ങളുടെ പ്രയാസങ്ങൾ ജനങ്ങളെയും അധികൃതരെയും അറിയിക്കുന്നതിന് നാളെ ധർണ നടത്തുമെന്നും ഉടമകൾ പറഞ്ഞു.