എറണാകുളം: നഷ്ടപരിഹാര സമിതിക്കെതിരെ മരടിലെ ഫ്ലാറ്റ് ഉടമകള്‍ രംഗത്ത്. നഷ്ടപരിഹാരം നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന ബാലകൃഷ്ണൻ നായർ സമിതി, സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായം മാത്രമാണ് കേട്ടിരിക്കുന്നതെന്നും ഉടമകളുടെ ഭാഗം കേട്ടില്ലെന്നും ഫ്ലാറ്റ് ഉടമകൾ ആരോപിക്കുന്നു.
മരടിലെ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും സുപ്രീംകോടതി നിർദേശിച്ച 25 ലക്ഷം ലഭിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ഇടക്കാല ശുപാർശ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സമിതി അംഗങ്ങൾക്കെതിരെ ആരോപണവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. 10 വർഷം മുൻപുള്ള തീറാധാരത്തെ അടിസ്ഥാനപ്പെടുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഇന്നത്തെ വിലയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഉടമകൾക്ക് 25 ലക്ഷത്തിന് മുകളിൽ ലഭിക്കണം. അതുകൊണ്ടുതന്നെ സമിതി അംഗങ്ങളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
14 ഉടമകൾക്ക് 13 ലക്ഷം രൂപ മുതൽ 25 ലക്ഷം വരെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. ആകെയുള്ള 325 ഫ്ലാറ്റുകളിൽ 241 പേർ കഴിഞ്ഞദിവസം സര്‍ക്കാരിന് മുമ്പില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗോൾഡൻ കായലോരം, ആൽഫ സെറീൻ ഫ്ലാറ്റുകളിലെ നാല് വീതം ഉടമകൾക്കും ജെയിൻ കോറൽ കോവിലെ ആറു ഉടമകൾക്കുമാണ് ഇടക്കാല നഷ്ടപരിഹാരം നൽകുന്നത്. ഒരു കോടി 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിച്ച ആളുകൾക്ക് സമിതി നിർദേശിച്ചത് 14 ലക്ഷത്തി 40,000 രൂപയാണ്. രണ്ടു കോടി ആവശ്യപ്പെട്ട മറ്റൊരു ഉടമക്ക് 25 ലക്ഷവും സമിതി നിർദേശിച്ചു. ഇതോടെ ആദ്യഘട്ടത്തിൽ ഈ 14 കുടുംബങ്ങൾക്ക് 13 ലക്ഷം മുതൽ 25 ലക്ഷം വരെ നഷ്ടപരിഹാരം നൽകുന്നതിനായി 2,56,06,096 രൂപ നൽകണമെന്നാണ് സമിതി ശുപാർശ ചെയ്യുന്നത്.