കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന കാരണത്താൽ എറണാകുളം മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനാണ് പരമോന്നത നീതിപിടം ഉത്തരവിട്ടത്. ഇതോടെ ഫ്ലാറ്റുടമകളായ കുടുംബങ്ങൾ ഏറെ പ്രയാസത്തിലും ആശങ്കയിലുമാണ് കഴിയുന്നത്. നിയമപരമായ പരിശോധനകൾ നടത്തി തന്നെയാണ് പത്തും പന്ത്രണ്ടും വർഷങ്ങൾക്ക് മുമ്പ് ഭീമമായ തുക നൽകി നിർമ്മാതാക്കളിൽ നിന്നും ഫ്ലാറ്റുകൾ വാങ്ങിയതെന്ന് ഫ്ലാറ്റ് ഉടമകള്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടത്തി നിർമ്മിച്ചവയാണ് ഫ്ലാറ്റുകളെന്ന് ഇവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
30 വർഷം വിദേശത്ത് ജോലി ചെയ്ത് കഷ്ടപ്പെട്ടാണ് ഫ്ലാറ്റ് വാങ്ങിയതെന്ന് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഇ പി ജോയ്സൺ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം ഫ്ലാറ്റ് പൊളിച്ചാൽ ആത്മഹത്യയല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഇല്ലെന്ന് ജോയ്സൺ ഇടിവി ഭാരതിനോട് പറഞ്ഞു. ഇവിടെ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടാല്‍ പോകാൻ മറ്റൊരിടമില്ല. കുട്ടികൾ പഠിച്ച് കൊണ്ടിരിക്കുകയാണെന്നും ജോയ്സണ്‍ വ്യക്തമാക്കി.
കോടതി വിധിക്ക് ശേഷം ഫ്ലാറ്റ് ഉടമസ്ഥർ പറഞ്ഞറിയിക്കാനാവാത്ത വിധത്തില്‍ അരക്ഷിതാവസ്ഥയിലും ആശങ്കയിലുമാണ് കഴിയുന്നത്. പലരും മാനസികമായി തകർന്നിരിക്കുകയാണ്. ഫ്ലാറ്റ് ഉടമകൾക്ക് പറയാനുള്ളത് കേൾക്കാൻ കോടതി തയ്യാറാവണമെന്നും ജോയ്സൺ ആവശ്യപ്പെട്ടു. പൊളിച്ച് നീക്കാൻ സുപ്രീം കോടതി നിർദേശിച്ച ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഉൾപ്പെടുന്ന ഹോളി ഫെയ്ത്തിൽ 90 ഫ്ലാറ്റുകളിലായി നിലവിൽ 72 കുടുംബങ്ങളാണ് കഴിയുന്നത്. ഇവരിൽ ഭൂരിഭാഗവും മധ്യ വർഗ കുടുംബങ്ങളുമാണ്.