കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ സമുച്ചയങ്ങളിൽ നടത്തിയ മോക്ഡ്രിൽ വിജയകരമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കിറെ. ഇന്ന് നടക്കാനിരിക്കുന്ന സ്ഫോടനത്തിന്‍റെ ട്രയൽ രൂപേണ നടത്തിയ ഒരുക്കങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി സൈറൺ എല്ലാവർക്കും കേൾക്കുന്ന രീതിയിൽ പുനഃസ്ഥാപിക്കുമെന്നും മോക്ഡ്രിൽ നടത്തിയതിനുശേഷം കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ ഒമ്പത് മണിക്ക് മോക്ഡ്രിൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഉച്ചയോടു കൂടിയാണ് മോക്ഡ്രിൽ ആരംഭിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കിറെയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും തുടർന്ന് സാങ്കേതിക സമിതിയുടെ യോഗവും ചേർന്നു. അതിനുശേഷം പൊളിക്കുന്ന ഓരോ ഫ്ലാറ്റുകളിലും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ, ജില്ലാ കലക്ടർ എസ് സുഹാസ്, ഫ്ലാറ്റുകൾ പൊളിക്കുന്ന ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സാങ്കേതിക സമിതി അംഗങ്ങൾ, എസ് ബി സർവ്വാതെ തുടങ്ങിയവർ പരിശോധന നടത്തി. ഇതിന് ശേഷം മരട് നഗരസഭയിലെ കൺട്രോൾ റൂമിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് മോക്ഡ്രിൽ ആരംഭിച്ചത്. മരട് നഗരസഭയുടെ മുന്നിൽ സജ്ജീകരിച്ച മെഷീനിൽ സൈറൺ മുഴങ്ങിയതോടെ മോക്ഡ്രിൽ ആരംഭിച്ചു.
തുടർന്ന് ഫ്ലാറ്റുകളുടെ എക്സ്‌പ്ലോസിവ് സോണിന് പരിധിയിൽ വരുന്ന റോഡുകൾ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബ്ലോക്ക് ചെയ്തു. കൂടാതെ അഗ്നിശമനസേന, മോട്ടോർ വാഹന വകുപ്പ്, ആംബുലൻസ് തുടങ്ങിയ എല്ലാ സേവനങ്ങളും പൂർണ്ണ സജ്ജമെന്ന് ഉറപ്പുവരുത്തി. ഓരോ സൈറൺ മുഴങ്ങുമ്പോളും ഏതെല്ലാം കാര്യങ്ങൾ ചെയ്യണമെന്നത് മോക്ഡ്രിൽ വഴി ഉദ്യോഗസ്ഥരെ മുഴുവൻ ബോധ്യപ്പെടുത്തി. ആറാമത്തെ സൈറൺ മുഴങ്ങിയതോടെ മോക്ഡ്രിൽ അവസാനിച്ചു.
ഉച്ചക്ക് ശേഷം സമാനമായ രീതിയിൽ ജെയിൻ കോറൽ കോവ് പരിസരങ്ങളിലും മോക്ഡ്രിൽ നടത്തും. അതേസമയം ഫ്ലാറ്റുകൾക്ക് സമീപത്തുനിന്നും പലരും ഇതിനോടകം തന്നെ വീടൊഴിഞ്ഞു പോയിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ മരടിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.