എറണാകുളം: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന നടപടി മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചു. മരടിലെ ആൽഫ ഫ്ലാറ്റിന്‍റെ രണ്ട് കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടികളാണ് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെയും പ്രദേശവാസികളുടെയും പ്രതിഷേധത്തെത്തുടർന്ന് നിർത്തി വെച്ചത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നത്. ഇൻഷുറൻസ് തുക എങ്ങനെ എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം ചേർന്നു. എന്നാൽ പ്രത്യേക യോഗത്തിൽ സബ് കലക്ടർ പങ്കെടുക്കാൻ എത്താത്ത സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.
മൂന്നര മണിക്കൂറിലധികം നീണ്ടു നിന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഹൈബി ഈഡൻ എം. പി, എം. സ്വരാജ് എം.എൽ.എ, സബ്‌കലക്ടര്‍ സ്നേഹിൽകുമാർ സിംഗ് തുടങ്ങിയവർ സ്ഥലത്തെത്തി. തുടർന്ന് നടന്ന ചർച്ചയിലാണ് ഫ്ലാറ്റ് പൊളിക്കുന്ന നടപടി മൂന്നു ദിവസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനമായത്. ഇരുപത്തിയൊന്നാം തീയതി നടക്കുന്ന ചർച്ചയിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി.