കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കുന്നതിന് മുന്നോടിയായി സ്ഫോടക വസ്തുക്കൾ നിറച്ച ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധന ആരംഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള ആൽഫ സെറീൻ ഫ്ലാറ്റിലാണ് ആദ്യം പരിശോധന നടത്തുന്നത് . തുടർന്ന് മറ്റ് നാല് ഫ്ലാറ്റ് സമുച്ചയങ്ങളും ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ പരിശോധന നടത്തും.
അതേസമയം ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്ന സമയത്തിന് നേരിയ വ്യത്യാസമുണ്ടാകുമെന്ന് പൊളിക്കൽ ചുമതലയുള്ള കമ്പനി അറിയിച്ചു. പതിനൊന്നാം തീയതി രാവിലെ 11 മണിക്കാണ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനം നടത്തുന്നത്. ഇവിടുത്തെ പൊടിപടലങ്ങൾ നീങ്ങിതിന് ശേഷം പതിനൊന്നേ കാലിനും പതിനൊന്നരയ്ക്കും ഇടയിലുള്ള സമയത്താകും ആൽഫയിൽ സ്ഫോടനം നടത്തുന്നത്.
അതേസമയം ബ്ലാസ്റ്റിങ് ഷെഡുകളുടെയും കൺട്രോൾ റൂമിന്‍റെയും നിർമാണം ഇന്ന് ആരംഭിക്കും. മരട് നഗരസഭയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊളിക്കുന്ന ഓരോ ഫ്ലാറ്റുകളുടെയും ദൃശ്യങ്ങൾ ലഭിക്കും. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശം അനുസരിച്ചായിരിക്കും സ്ഫോടനം നടത്തുക. പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിന്ന് 100 മീറ്റർ അകലെയാണ് ബ്ലാസ്റ്റിങ് ഷെഡുകൾ നിർമിക്കുക. പൊളിക്കൽ ചുമതലയുള്ള വിദഗ്ധർ മാത്രമാകും ഇതിനകത്ത് ഉണ്ടാകുക. ഇതിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാസ്റ്റിങ് എക്സ്പ്ലോഡർ സ്വിച്ച് ഓൺ ചെയ്യുമ്പോളാണ് ഡിറ്റനേറ്ററിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും സ്ഫോടനം ആരംഭിക്കുന്നതും. നാളെയോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മോക്ഡ്രിൽ നടത്താനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.