കൊച്ചി: വിവാദങ്ങള്‍ നിലനില്‍ക്കെ മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റ് ഉടമകൾക്ക് ഒഴിഞ്ഞ് പോകുവാൻ സമയം നീട്ടി നൽകില്ലെന്ന് സബ് കലക്ടര്‍ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഒഴിഞ്ഞ് പോകാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് മുതല്‍ ഫ്ലാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഫ്ലാറ്റിലെ താമസക്കാരായ 94 പേർ മാത്രമാണ് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷ നൽകിയത്. പുനരധിവാസ അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ട് തവണ അവസരം നൽകിയിരുന്നു. ഫ്ലാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് സബ് കലക്ടര്‍ ഫ്ലാറ്റ് ഉടമകളെ കണ്ടിരുന്നു.
എന്നാൽ ഫ്ലാറ്റുകളിലെത്തിയ ഉദ്യോഗസ്ഥരെ ഉടമകൾ തടഞ്ഞു. പകരം താമസം തരുമെന്ന് വിശ്വസിച്ചാണ് തങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറി കൊടുക്കാൻ സമ്മതിച്ചതെന്നും സൗകര്യപ്രദമായ രീതിയിൽ പകരം താമസം ലഭിച്ചില്ലെങ്കിൽ ഫ്ലാറ്റുകളിൽ തുടരുമെന്നുമാണ് ഉടമകളുടെ നിലപാട്. എന്നാൽ താൽക്കാലിക താമസക്കാരിൽ ഏറിയ പങ്കും ഇവിടം വിട്ടു പോയിട്ടുണ്ട്.