എറണാകുളം: മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും നാല് സമുച്ചയങ്ങളിലായി 50 അപ്പാർട്ട്മെന്‍റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇതുവരെയും ഉടമകൾ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. എല്ലാം വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല. അതിനാൽ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. ഉടമകളാരും സമീപിച്ചെങ്കിലും ഫ്ലാറ്റുകൾ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും.
ഫ്ലാറ്റ് ഉടമകൾ നഗരസഭയിൽ നേരിട്ടെത്തി ഫ്ലാറ്റ് ഒഴിഞ്ഞതിന്‍റെ രേഖകൾ കൈപ്പറ്റണമെന്ന് സബ് കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഈ രേഖകൾ കൈപ്പറ്റുന്നവർക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുകയുള്ളൂ.
നിലവിൽ നാല് സമുച്ചയങ്ങളിൽ 29 കുടുംബങ്ങൾ മാത്രമാണ് ഇനി ഒഴിയാൻ ബാക്കിയുള്ളത്. ഹോളി ഫെയ്ത്തിൽ നിന്നും പതിനെട്ട്, ആൽഫയിൽ നിന്നും ഏഴ്, ഗോൾഡൻ കായലോരം നാല് എന്നിങ്ങനെയാണ് ഒഴിയാൻ ബാക്കിയുള്ള ഫ്ലാറ്റുകളുടെ എണ്ണം.