എറണാകുളം: സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെ മരടിലെ ഫ്ലാറ്റുകൾ സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം. 'ഹോളി ഫെയ്ത്ത്' എന്ന അപ്പാർട്ട്മെന്‍റ് സന്ദർശിക്കാൻ എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം "ഗോ ബാക്ക്" എന്ന മുദ്രാവാക്യം വിളിയോടെ ചീഫ് സെക്രട്ടറിയോട് തിരികെ പോകാൻ ആവശ്യപ്പെട്ടത്.
സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും സർക്കാർ അത് നടപ്പാക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് വന്ന പശ്ചാത്തലത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിനുശേഷമാണ് ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
വിധി വരുന്നതിനു മുൻപ് തന്നെ സംസ്ഥാന സർക്കാരിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചതാണ്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ തീരദേശ പരിപാലന നിയമം-മൂന്ന് ആണെന്നാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്തുതാ വിരുദ്ധമാണെന്നും കേരളത്തിലെ ആവശ്യങ്ങൾ പരിഗണിക്കുന്ന സർക്കാരാണെങ്കിൽ ഇനിയെങ്കിലും കോടതിയിൽ സത്യം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഫ്ലാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടി.