എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള പൊടിശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. മരട് നഗരസഭ അധ്യക്ഷയെ പ്രതിഷേധക്കാർ ഉപരോധിച്ചു.
ഹോളി ഫെയ്ത്ത് H2O ഫ്ലാറ്റിന് സമീപത്ത് താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഫോടനം കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞിട്ടും അസഹനീയമായ പൊടി കാരണം വീടുകളിൽ കഴിയാൻ സാധിക്കുന്നില്ലെന്നാണ് പരാതി. നഗരസഭ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് പ്രതിഷേധത്തിന് നിർബന്ധിതരായതെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. അതേ സമയം ജില്ലാഭരണകൂടമാണ് പ്രശ്‌ന പരിഹാരത്തിന് മുൻകൈ എടുക്കേണ്ടതെന്നാണ് മരട് നഗരസഭയുടെ നിലപാട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മരട് നഗരസഭ ഓഫീസിലെത്തി അധ്യക്ഷയെ ഉപരോധിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.