എറണാകുളം: സുപ്രീംകോടതിവിധി മാനിച്ച് ഒഴിഞ്ഞു പോകുന്ന ഫ്ലാറ്റ് ഉടമകളോട് സഹകരിച്ച് മുന്നോട്ട് പോകുമെന്ന് എറണാകുളം ജില്ലാ കലക്‌ടർ എസ് സുഹാസ്. നൂറ്റി എൺപതിലധികം ഫ്ലാറ്റുകളിൽ നിന്നും ഉടമകൾ ഒഴിഞ്ഞുപോയി. പുനരധിവാസത്തിനായി 42 ഫ്ളാറ്റുകൾ തയ്യാറായിട്ടുണ്ട്. സാധനങ്ങളുടെ നീക്കം ശേഷിക്കുന്നതിനാൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കില്ലെന്നും ജില്ലാ കലക്‌ടർ വ്യക്തമാക്കി.
സാധനങ്ങൾ നീക്കുന്നതിന് ഓരോ ഫ്ലാറ്റ് സമുച്ചയങ്ങളിലും 20 വൊളണ്ടിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാല് ഫ്ലാറ്റുകളിലും പൊലീസ് സുരക്ഷ നൽകുവാൻ സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെയെ ഏൽപ്പിച്ചതായും ജില്ലാ കലക്‌ടർ പറഞ്ഞു.
മരടിലെ ഫ്ലാറ്റുകളിൽ നിന്നും ആളുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഫ്ലാറ്റുകളിൽ സന്ദർശനം നടത്തുകയാണ് ജില്ലാകലക്‌ടർ. സബ്‌കലക്‌ടർ സ്നേഹിൽ കുമാറും സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെയും അദ്ദേഹത്തോടൊപ്പമുണ്ട്.