കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 11ന് പൊളിച്ചു തുടങ്ങും. ഒമ്പതിന് മുമ്പ് പൊളിക്കുന്നതിനുള്ള കമ്പനിയെ തീരുമാനിക്കും. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റുകൾ പൊളിക്കില്ല. ഇത് പ്രായോഗികമല്ലെന്നും അപകടകരമാണെന്നുമാണ് വിലയിരുത്തൽ. അതിനാല്‍ തന്നെ യന്ത്രങ്ങള്‍ ഉപയോഗിച്ചാവും ഫ്ലാറ്റുകള്‍ പൊളിക്കുക. ഓരോ നിലകളായി ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനാണ് നിലവിലത്തെ തീരുമാനം. മുകളിലത്തെ നിലകള്‍ പൊളിക്കാന്‍ തൊഴിലാളികളെ നേരിട്ട് നിയോഗിക്കും. ഭൂനിരപ്പില്‍ നിന്ന് 35 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെയുള്ള ഭാഗം പൊളിച്ചു നീക്കാന്‍ ക്രെയിന്‍ ഉപയോഗിക്കും.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ താല്‍പര്യമറിയിച്ച ഏഴോളം കമ്പനി പ്രതിനിധികളും വിദഗ്‌ധരും മരട് നഗരസഭയുമായി ചര്‍ച്ച നടത്തി. നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്‌ടർ സ്നേഹിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു. മുന്നൊരുക്കങ്ങള്‍ ഒക്‌ടോബർ ഒമ്പതിന് മുമ്പ് തീർക്കുമെന്ന് സ്നേഹിൽ കുമാർ അറിയിച്ചു.