ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന റിട്ട് ഹർജി സുപ്രീംകോടതി തള്ളി. ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള താമസക്കാരൻ അഭിലാഷാണ് റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു. അടിയന്തരമായി കേസ് കേൾക്കില്ലെന്നും രജിസ്ട്രി എപ്പോൾ ഈ കേസ് കേൾക്കണമെന്ന് തീരുമാനിക്കുന്നോ അപ്പോൾ മാത്രമേ ലിസ്റ്റ് ചെയ്യൂവെന്നും ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റ് പൊളിക്കേണ്ട അവസാന തീയതി. കായലുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങൾ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്ന് പരിശോധിക്കണം. ഇതിനായി ഏതെങ്കിലും വിദഗ്ധ ഏജൻസിയെക്കൊണ്ട് പഠനം നടത്തണമെന്നുമാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്നലെയാണ് ഹർജി ഫയല്‍ ചെയ്തത്.
അതേസമയം, മരട് ഫ്ലാറ്റ് കേസില്‍ മുഖ്യമന്ത്രി അറ്റോർണി ജനറല്‍ കെ.കെ വേണുഗോപാലുമായി ചർച്ച നടത്തി. സുപ്രീംകോടതി വിധിയിലെ തുടർ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എ ജിയോട് അഭിപ്രായം തേടി.