എറണാകുളം: മണിപ്പൂര്‍ മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാറിനുമെതിരെ വിമര്‍ശനവുമായി കെസിബിസി. മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുകയാണന്നും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കെസിബിസി.
ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് കെസിബിസി പ്രസ്‌താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം നിഷ്‌ക്രിയത്വമാണ് മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തുന്നത്. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്‍റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഇത് അപമാനം: ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറുകണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിങ് രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവയ്‌ക്കുന്നതാണ് നല്ലത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകലരും ഒരുവിഭാഗം പൗരന്മാരെ ഉന്മൂലനം ചെയ്യുന്ന മണിപ്പൂര്‍ കലാപത്തെ അപലപിക്കുന്നതിനും കലാപം അടിച്ചമര്‍ത്തി സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനും മുന്നോട്ടുവരുന്നത് പ്രതീക്ഷ നല്‍കുന്നതായും കെസിബിസി പ്രസ്‌താവനയിൽ വ്യക്തമാക്കി.
രാജ്യം തലകുനിച്ച ക്രൂരത: മണിപ്പൂരിൽ സ്‌ത്രീകളെ നഗ്‌നരായി പൊതുമധ്യത്തിലൂടെ നടത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ജൂലൈ 20ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ നാല് പ്രതികളേയും അറസ്‌റ്റ് ചെയ്‌ത് 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഹുയിറെം ഹെറോദാസ് എന് പ്രതിയെ ജൂലൈ 20 നും മറ്റ് മൂന്ന് പ്രതികളെ ജൂലൈ 21 നുമാണ് പിടികൂടിയത്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ ദൃശ്യം ജൂലൈ 19നായിരുന്നു പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാല് പ്രതികളും പൊലീസ് പിടിയിലാകുന്നത്. തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്‌നരായി നടത്തി പ്രദേശത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം നടന്നത്.
പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. കൂടുതല്‍ കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും പൊലീസ് മാധ്യമങ്ങളോട് അറിയിച്ചിരുന്നു. അതേസമയം മെയ്‌തി വിഭാഗത്തെ പട്ടികവർഗ (എസ്‌ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായി ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.