എറണാകുളം: ആലുവയിൽ സഹോദരന്‍റെ വെടിയേറ്റ് 48കാരൻ കൊല്ലപ്പെട്ടു (Man Kills Brother In Aluva). ആലുവ എടയപ്പുറം സ്വദേശി പോൾസൺ ആണ് വെടിയേറ്റ് മരിച്ചത്. അനുജൻ തോമസ് എയർഗൺ ഉപയോഗിച്ച് വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു (Aluva Murder).
വ്യാഴാഴ്‌ച (സെപ്റ്റംബർ 28) രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന തോമസിന്‍റെ ബൈക്ക് പോൾസൺ അടിച്ച് തകർത്തതായി തോമസ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു (Man shoots brother over bike parking dispute). ഇവർ രണ്ട് പേർക്ക് പുറമെ പ്രയമായ അച്ഛൻ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. നാളുകളായി വൃദ്ധ സദനത്തിൽ കഴിഞ്ഞിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒരു വീടിനെ രണ്ടായി തിരിച്ചായിരുന്നു സഹോദരങ്ങൾ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് അയൽവാസികളുമായി ബന്ധമുണ്ടായിരുന്നില്ല.
കൊലപാതക വിവരം അയൽവാസികൾ അറിഞ്ഞിരുന്നില്ല. കൃത്യം നടത്തിയശേഷം പ്രതി തോമസ് തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആലുവ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരൻ കൂടിയാണ്. പ്രതി തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also read: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു; സഹോദരന്‍ ഉള്‍പ്പടെ മൂന്ന് പേർ അറസ്റ്റിൽ
മഞ്ചേശ്വരത്ത് യുവാവിനെ സഹോദരന്‍ കൊലപ്പെടുത്തി: കാസർകോട് മഞ്ചേശ്വരത്ത് യുവാവിനെ സഹോദരന്‍ ഉള്‍പ്പടെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. മഞ്ചേശ്വരം കളായിയിലെ പ്രഭാകര നൊണ്ട (40) എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്‌മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവർ അറസ്റ്റിലായി. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
വാടക കൊലയാളികളുടെ സഹായത്തോടെ മകനെ കൊലപ്പെടുത്തി ദമ്പതികൾ: വാടക കൊലയാളികളുടെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിലായിരുന്നു. തെലങ്കാനയിലെ ഭദ്രാചലം മെഡിക്കല്‍ കോളനി സ്വദേശികളായ പഗില്ല രാമു (57), സാവിത്രി (55) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 9നായിരുന്നു കേസിനാസ്‌പദമായ സംഭവം.
പഗില്ല രാമു, സാവിത്രി ദമ്പതികളുടെ മകന്‍ ദുര്‍ഗപ്രസാദാണ് (35) കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചെത്തി മകൻ തങ്ങളെ ഉപദ്രവിക്കുമായിരുന്നു. മകന്‍റെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടിയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. ഇതിനായി വാടക കൊലയാളികള്‍ക്ക് ഇവര്‍ മൂന്ന് ലക്ഷം രൂപയും നൽകി.
സെപ്റ്റംബർ 9നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സെപ്‌റ്റംബര്‍ 10ന് ഇവര്‍ നാലുപേരും ചേര്‍ന്ന് ദുര്‍ഗപ്രസാദിന്‍റെ മൃതശരീരം ഓട്ടോയില്‍ തുമ്മലനഗർ വനത്തിലെത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇതേ ദിവസം വനത്തിലേക്ക് പോയ പ്രദേശവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദുര്‍ഗപ്രസാദിന്‍റെ കൊലപാതകത്തെ കുറിച്ച് കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം വാടക കൊലയാളികളായ ഗുമ്മഡി രാജു (33), ഷെയ്ഖ് അലി പാഷ (32) എന്നിവരും അറസ്റ്റിലായി.