എറണാകുളം: പെരുമ്പാവൂർ പാണംകുഴിയിൽ നിന്നും പശുവിനേയും, കാളയേയും മോഷ്ടിച്ച കേസിലെ നാല് പ്രതികളിൽ ഒരാളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്‌തു. ചെട്ടിനട പുൽകുഴി വീട്ടിൽ ഷാജിയുടെ മകൻ അജിനെയാണ് അറസ്റ്റ് ചെയ്‌തത്. മറ്റു പ്രതികളായ ബിനോയ് , ലിന്‍റോ ,അശ്വിൻ എന്നിവർ ഒളിവിലാണ് . മറ്റു നിരവധി കേസുകളിലും പ്രതികളാണ് ഇവർ. പാണംകുഴി പമ്പ്ഹൗസിന് സമീപം മറ്റമന വീട്ടിൽ ഷിബുവിന്‍റെ ഉടമസ്ഥതയിലുള്ള പശുവും, മൂരിയുമാണ് ഞായറാഴ്ച്ച മോഷണം പോയത്.
ഞായറാഴ്ച വെളുപ്പിന് 2.30 ന് പ്രതികൾ നാലു പേരും ചേർന്ന് ഷിബുവിന്‍റെ വീടിന്‍റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനേയും, മൂരിയേയും മോഷ്ടിച്ച് പിക്കപ്പ് വാനിൽ കയറ്റി മഞ്ഞപ്രയിലുള്ള അറവ്ശാലയിൽ കൊണ്ട് പോയി വിൽക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച പിക്ക്അപ്പ് വാൻ പ്രതികളിൽ ഒരാളായ അശ്വിന്‍റെ പിതാവ് ബിസിനസ്സ് ആവശ്യത്തിനായി വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതായിരുന്നു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.