എറണാകുളം: വാക്‌സിൻ എടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പ് തച്ചുകുഴിമോളത്ത് രവി കെ.കെ (69) ആണ് വാക്‌സിൻ സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ 10 മണിയോടെ കടയിരുപ്പ് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം വീട്ടിലേക്ക് നടന്ന് പോകവെ കടയിരുപ്പ് സ്‌കൂൾ ജംഗ്ഷനിൽ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരിച്ച രവിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വിവരം വാക്‌സിനേഷൻ സെൻ്ററിൽ രവി അറിയിച്ചിരുന്നതായി ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ALSO READ: കൊവിഡ് മരണം;ആരോപണങ്ങൾ തള്ളി വീണ ജോർജ്
മരണകാരണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷമേ പറയുവാൻ കഴിയൂ എന്നാണ് ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വാക്‌സിനെടുത്ത് മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മരണമാണിതെന്നാണ് വിലയിരുത്തൽ.