കൊച്ചി: മാരക രോഗങ്ങൾക്ക് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ആംപ്യൂളുകള്‍ ലഹരിക്കായി വില്‍പ്പന നടത്തുന്നയാളെ പിടികൂടി. ആലുവ സ്വദേശി മനോജ് എന്നയാളെ കൊച്ചി ഡന്‍സാഫും പനങ്ങാട് പൊലീസും നെട്ടൂരിൽ നിന്നാണ് പിടികൂടിയത്. വ്യാജ പ്രിസ്ക്രിപ്ഷൻ തയ്യാറാക്കി മെഡിക്കൽ സ്റ്റോറുകൾ, കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ നിന്നും ആംപ്യൂളുകൾ വാങ്ങി ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗിക്കുന്നവർക്ക് ഇവ അമിത വിലയ്ക്ക് നൽകി വരികയായിരുന്നു ഇയാള്‍.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഡൻസാഫിലെ പൊലീസുകാരുടെ ദിവസങ്ങളോളമുള്ള രഹസ്യ നിരീക്ഷണത്തിലാണ് പ്രതിയെ പിടികൂടാനായത് .