എറണാകുളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ നിർമ്മിത മാൽബ്രോ സിഗററ്റുകൾ പിടികൂടി. വിപണിയില്‍ അഞ്ചു ലക്ഷം രൂപ വിലവരുന്നതാണിത്. കോലാംലംപൂരിൽ നിന്നും ഇന്ന് പുലർച്ചെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഏഷ്യ എയർലൈൻസ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നാണ് 200 കാർട്ടൻ വിദേശ നിർമ്മിത സിഗററ്റുകൾ പിടികൂടിയത്.
പിടികൂടിയ യാത്രക്കാരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ കാസർകോട് സ്വദേശിയുമാണ്. കേരളത്തിൽ വിൽപന നടത്തുന്നതിനാണ് ഏറെ ആവശ്യക്കാരുള്ള വിദേശ നിർമ്മിത മാൽബ്രോ സിഗററ്റുകൾ അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്. ലഗേജിൽ ഒളിപ്പിച്ച് സിഗററ്റുകൾ കടത്തുവാൻ ശ്രമിച്ചവരെ ചോദ്യം ചെയ്‌തു വരികയാണ്.