എറണാകുളം: ലോകകപ്പ് ഫുട്‌ബോളില്‍ മലയാളികള്‍ക്ക് അഭിമാനമായി മാറാന്‍ സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് സൈക്കോളജി വിദഗ്‌ദൻ ഡോ.വിപിന്‍ വി റോള്‍ഡന്‍റ് എത്തിയേക്കും. ലോകകപ്പ് മത്സരങ്ങളില്‍ സാക്ഷാല്‍ മെസിക്കും അര്‍ജന്‍റൈന്‍ സംഘത്തിനും മനഃശാസത്ര തന്ത്രങ്ങളൊരുക്കുകയാണ് വിപിന്‍ വി റോള്‍ഡന്‍റിന്‍റെ ലക്ഷ്യം. കാല്‍പ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് ആറ് മാസം മുന്‍പ് മെസിയുടെ അടുത്ത സുഹൃത്തിന്‍റെ നിര്‍ദേശം മാനിച്ചായിരുന്നു ഇത്തരമൊരു പദ്ധതിയുടെ ആവിഷ്‌കാരം.
ക്ലബ് ഫുട്ബോളിൽ കാണുന്ന മെസി മാജിക്ക് എന്ത് കൊണ്ട് ലോകകപ്പ് ഫുട്‌ബോൾ പോലുള്ള പ്രധാന ടൂര്‍ണമെന്‍റുകളില്‍ പുറത്തെടുക്കാൻ കഴിയുന്നില്ലെന്ന ചിന്തയിൽ നിന്നാണ് മെസിക്ക് മാനസിക പിന്തുണ നൽകുന്ന മനശാസ്ത്ര പദ്ധതിയെന്ന ആശയത്തിലെത്തിയതെന്ന് ഡോ. വിപിന്‍ വി റോള്‍ഡന്‍റ് പറഞ്ഞു. ലോകകപ്പ് ആര് നേടുമെന്ന ചർച്ചയിൽ വിദഗ്‌ദരും ആരാധകരും വ്യത്യസ്‌ത അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഡോ. വിപിന്‍ വി റോള്‍ഡന്‍റിന് കപ്പ് അര്‍ജന്‍റീനയ്‌ക്ക് തന്നെയെന്നതിൽ സംശയമില്ല.
അവസാന ലോകകപ്പ് ഫുട്ബോൾ ടൂര്‍ണമെന്‍റില്‍ കപ്പുയർത്തി മെസി മടങ്ങണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹവും. പക്ഷെ അത് മെസിയുടെയും അര്‍ജന്റീന ടീമിന്റെയും മനോബലത്തെയും വൈകാരിക നിയന്ത്രണങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി ഡോ വിപിൻ വിലയിരുത്തുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കടന്ന് നോക്കൗട്ട് റൗണ്ടിലേക്കെത്തുമ്പോള്‍ നടക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ഉണ്ടാകുന്ന അതിസമ്മര്‍ദം മറികടക്കാൻ മെസിക്കായുള്ള തന്റെ പീക്ക് പെര്‍ഫോര്‍മന്‍സ് സ്ട്രാറ്റജികളുമായി ഉടന്‍ ഖത്തറിലേക്ക് തിരിക്കാന്‍ ഒരുങ്ങുകയാണ് ഡോ. വിപിൻ.
നേരത്തെ സ്‌പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിന്‍റെ മോശം പ്രകടനസമയത്ത് അവരെ വിജയ വഴിയിലേക്ക് തിരിച്ചെത്തിച്ച സൈക്കോളജിക്കല്‍ സ്ട്രാറ്റജികള്‍, മാനസിക പരിശീലനത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ ഇടപെടലായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അർജന്‍റീനയ്‌ക്ക് സ്വപ്‌നമായി അവശേഷിക്കുന്ന ലോകകപ്പ് വിജയത്തിനായി കളിക്കാരുടെ മാനസിക ഊര്‍ജനിലയേയും വിന്നിങ് വൈബ്രേഷന്‍സിനെയും ആധാരമാക്കിയുള്ള എത്തിക്കല്‍ ഡ്രീം ഹാക്കിങ്, വൈറ്റാലിറ്റി സ്ട്രാറ്റജി തുടങ്ങിയ അതിനൂതന പെര്‍ഫോമന്‍സ് തന്ത്രങ്ങളുമാണ് ഉപയോഗപ്പെടുത്തന്നതെന്ന് ഡോ. വിപിന്‍ റോള്‍ഡന്‍റ് വിശദീകരിച്ചു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സ്‌പോര്‍ട്‌സ് സൈക്കോളജിയില്‍ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. വിപിന്‍. നേരത്തെ ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്‌ജു വി സാംസൺ എന്നീ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉള്‍പ്പടെയുള്ള ഐപിഎല്‍ ടീമുകള്‍ക്കും അദ്ദേഹം മാനസിക പരിശീലനം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരള സംഘത്തിനായി സര്‍ക്കാര്‍ നിയമിച്ച സ്‌പോര്‍ട്‌സ് സൈക്കോളജിസ്‌റ്റും അദ്ദേഹമായിരുന്നു.
അത്ലറ്റിക്‌സ്, സൈക്ലിങ്, ടെന്നീസ്, കനോയിങ്, ഖോ-ഖോ, നെറ്റ്ബോള്‍, റോവിങ്, റെസ്‌ലിങ് അടക്കമുള്ള വിവിധ ടീമുകള്‍ക്കും ഇതിനകം തന്നെ ഡോ.വിപിന്‍ വി റോള്‍ഡന്‍റ് പരിശീലനം നല്‍കിയിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റായിരുന്നു. രഞ്‌ജി ട്രോഫി ഉള്‍പ്പടെയുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വിവിധ ടീമുകള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.