കൊച്ചി: ജാതിഭേദമന്യേ നാടും നഗരവും സാക്ഷിയാക്കി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി അത്താഘോഷം. രാവിലെ തൃപ്പൂണിത്തുറയിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അത്താഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. മലയാളികളുടെ മധുര സങ്കല്പമായ ഓണം കാണം വിൽക്കാതെ ആഘോഷിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഉറപ്പു വരുത്തിയതായി മന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും ഓണം ആഘോഷിക്കുന്നതെങ്കിലും ജനങ്ങളുടെ പങ്കാളിത്തം ഘോഷയാത്രയിലും, പരിപാടികളിലും ദൃശ്യമായിരുന്നു. സ്‌കൂൾ-കോളജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്ത തൃപ്പൂണിത്തുറയിലെയും, പിറവത്തെയും ഘോഷയാത്രകളിൽ വിവിധ വാദ്യമേളങ്ങളും, കലാരൂപങ്ങളും, നിശ്ചല ദൃശ്യങ്ങളും അണിനിരന്നു.
ഏറെ പ്രതീക്ഷയോടെയാണ് ഓണത്തെ മലയാളികൾ വരവേൽക്കുന്നത്. കഴിഞ്ഞ വർഷത്തെ അത്താഘോഷവും ഓണവുമെല്ലാം പ്രളയം കവർന്നെടുത്തെങ്കിൽ ഇക്കുറി ജനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ഈ ഓണക്കാലമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.